രാമക്ഷേത്ര ചടങ്ങ്; പങ്കെടുക്കണമോയെന്ന് വ്യക്തികൾക്ക് തീരുമാനിക്കാമെന്ന് ശശി തരൂർ

തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി കോൺഗ്രസ് നേതാവ് ശശി തരൂർ. ക്ഷണിച്ചിരിക്കുന്നത് വ്യക്തികളെയാണെന്നും അതിനാൽ പങ്കെടുക്കണമോയെന്ന് തീരുമാനമെടുക്കേണ്ടത് വ്യക്തികളാണെന്നും തരൂർ ചൂണ്ടിക്കാട്ടി.

താനൊരു ഹിന്ദുവാണ്. പക്ഷെ ക്ഷേത്രത്തെ രാഷ്ട്രീയവേദിയായി താൻ കണ്ടിട്ടില്ല. ക്ഷേത്രത്തെ രാഷ്ട്രീയവേദിയാക്കാൻ ശ്രമിക്കുന്നവരോട് ചോദിക്കണം എന്താണ് നിങ്ങളുടെ ഉദ്ദേശമെന്നും അദ്ദേഹം അറിയിച്ചു. വ്യക്തിയുടെ താൽപര്യമനുസരിച്ച് ക്ഷേത്രത്തിൽ പോകുന്നതാണ് നല്ലത്. ക്ഷണിക്കപ്പെട്ട നേതാക്കളോട് വ്യക്തിപരമായി ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാണോ പാർട്ടി നിർദേശിച്ചത് എന്നൊക്കെ കോൺഗ്രസ് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തികളായിട്ട് ക്ഷേത്രത്തിൽ പോകാൻ അവകാശമുണ്ട്. പക്ഷെ സമയവും സാഹചര്യവും നോക്കണം. സൗകര്യപ്രകാരം ഹിന്ദുക്കൾക്ക് ക്ഷേത്രത്തിൽപോയി പ്രാർഥിച്ചുകൂടെ. വ്യക്തിപരമായി തനിയ്്ക്ക് പ്രതിഷ്ഠാചടങ്ങിൽ ക്ഷണമില്ല. അതിനാൽ ഇക്കാര്യങ്ങൾ ചിന്തിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.