ന്യൂഡൽഹി: മലിനീകരണ നിയന്ത്രണത്തിൽ ശക്തമായ നയം നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ. ഇനി വാഹനങ്ങളുടെ പുക പരിശോധന നടത്തിയാൽ മാത്രം പോരെന്നും പരിശോധനയുടെ വീഡിയോ ചിത്രീകരിക്കുകയും വേണമെന്ന് കേന്ദ്രം വ്യക്തമാക്കുന്നത്. സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുമ്പ് വീഡിയോ സർക്കാരിന്റെ പരിവാഹൻ പോർട്ടലിൽ അപ് ലോഡ് ചെയ്യണമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
ചില പുക പരിശോധന കേന്ദ്രങ്ങൾ വാഹനം പരിശോധിക്കുക പോലും ചെയ്യാതെ സർട്ടിഫിക്കറ്റ് നൽകുന്നതായി വ്യപകമായി പരാതികൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ പുതിയ നടപടികൾ സ്വീകരിക്കുന്നത്. തട്ടിപ്പുകൾ തടയുക പരിശോധനകളിലെ കൃത്യതയും ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് സർക്കാർ പുതിയ നീക്കം നടത്തുന്നത്.
ഇന്ത്യയിൽ ഉയർന്നു വരുന്ന മലിനീകരണം നിയന്ത്രണ വിധേയമാക്കാൻ വേണ്ടിയാണ് സർക്കാർ പുതിയ നിയമം കൊണ്ടുവരുന്നത്. ഓരോ വർഷവും ഇന്ത്യൻ നിരത്തിൽ എത്തുന്ന വാഹനങ്ങളുടെ എണ്ണം വലിയ തോതിലാണ് വർധിക്കുന്നത്. അതിനാൽ നിയമം കർശനമായി നടപ്പാക്കണമെന്നാണ് നിർദ്ദേശം.

