കെഎസ്ആർടിസിയിലെ ക്രമക്കേട് തടയും; അഴിമതി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് ഗണേഷ് കുമാർ

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ക്രമക്കേട് തടയുമെന്ന് നിയുക്ത മന്ത്രി കെ ബി ഗണേശ് കുമാർ. കണക്കുകൾ കൃത്യമാകണമെന്നും തൊഴിലാളികൾക്ക് ദോഷം ചെയ്യുന്ന നടപടികൾ ഉണ്ടാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

കെഎസ്ആർടിസിയുടെ വരുമാനച്ചോർച്ച തടയും. കെഎസ്ആർടിസിയിൽ നിന്ന് മോഷ്ടിക്കാമെന്ന് ആരും സ്വപ്നം പോലും കാണേണ്ടതില്ല. തന്റെ ലക്ഷ്യം തന്നെ അഴിമതി ഇല്ലാതാക്കുകയാണ്. എല്ലാവിധ ചോർച്ചകളും അടയ്ക്കാൻ നടപടികൾ സ്വീകരിക്കും. വരവ് വർധിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനൊടൊപ്പം ചെലവിൽ വലിയ നിയന്ത്രണം കൊണ്ടുവരുമെന്നും ഗണേശ് കുമാർ അറിയിച്ചു.

കെഎസ്ആർടിസിയിൽ നിന്ന് ഒരു പൈസ പോലും ചോർന്നുപോകാത്ത വിധമുള്ള നടപടികൾ സ്വീകരിക്കും. നമ്മൾ ചോർച്ച അടയ്ക്കാൻ ശ്രമിച്ചാൽ അവർ തീർച്ചയായും നമ്മുടെ കൂടെ നിൽക്കും. തൊഴിലാളിക്ക് ശമ്പളം കൊടുക്കാൻ ബുദ്ധിമുട്ട് ഉണ്ട് എന്നത് ശരിയാണ്. എന്നാൽ ചോർച്ച അടയ്ക്കുന്നതോടെ നീക്കിയിരിപ്പ് വർധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, ഇന്ന് വൈകിട്ട് നാലു മണിയ്ക്കാണ് ഗണേഷും കടന്നപ്പള്ളിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്. രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും.