ലഖ്‌നൗ: ഡിസംബർ 30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെത്തും. നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിർവ്വഹിക്കും. അയോധ്യ വിമാനത്താവളത്തിന്റെയും പുനർവികസിപ്പിച്ച അയോധ്യ റെയിൽവേ സ്റ്റേഷന്റെയും ഉദ്ഘാടനം, പുതിയ അമൃത് ഭാരത് ട്രെയിനുകളുടെയും വന്ദേ ഭാരത് ട്രെയിനുകളുടെയും ഫ്ളാഗ് ഓഫ് കർമം തുടങ്ങിയ നിർവ്വഹിക്കാൻ വേണ്ടിയാണ് അദ്ദേഹം അയോദ്ധ്യയിൽ എത്തുന്നത്.
അയോധ്യയിൽ ആധുനിക ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, സമ്പർക്ക സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, നഗരത്തിന്റെ സമ്പന്നമായ ചരിത്രത്തിനും പൈതൃകത്തിനും അനുസൃതമായി പൊതു സൗകര്യങ്ങൾ നവീകരിക്കുക എന്നിവയാണ് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. പ്രസ്താവനയിലൂടെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
ഈ കാഴ്ചപ്പാടിന്റെ സാക്ഷാത്കാരമായി, നഗരത്തിൽ പുതിയ വിമാനത്താവളം, പുനർവികസിപ്പിച്ച റെയിൽവേ സ്റ്റേഷൻ, പുനർവികസിപ്പിച്ച് വീതികൂട്ടി മനോഹരമാക്കിയ റോഡുകൾ, മറ്റ് പൊതു അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉദ്ഘാടനം ചെയ്യും. കൂടാതെ, അയോധ്യയിലെയും പരിസരങ്ങളിലെയും സൗകര്യങ്ങളുടെ സൗന്ദര്യവൽക്കരണത്തിനും നവീകരണത്തിനും സഹായിക്കുന്ന നിരവധി പുതിയ പദ്ധതികൾക്ക് തറക്കല്ലിടുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് കൂട്ടിച്ചേർത്തു.

