ശബരിമലയിലെ ഇത്തവണത്തെ വരുമാനം കഴിഞ്ഞ തവണത്തെക്കാൾ കുറവല്ല; പി എസ് പ്രശാന്ത്

പത്തനംതിട്ട: ശബരിമലയിലെ ഇത്തവണത്തെ വരുമാനം കഴിഞ്ഞ തവണത്തെക്കാൾ കുറവല്ലെന്ന് വ്യക്തമാക്കി തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത്. ഈ സീസണിലെ 39 ദിവസത്തെ കണക്കിൽ കുത്തക ലേല തുക കൂടി കൂട്ടിയപ്പോൾ കഴിഞ്ഞ തവണത്തെക്കാൾ 18 കോടിയിലേറെ വരുമാനം കൂടുതലാണെന്നാണ് ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കിയത്. നാണയങ്ങൾ കൂടി എണ്ണുമ്പോൾ 10 കോടി പിന്നെയും കൂടുമെന്നും അദ്ദേഹം വിവരിച്ചു.

ഇത്തവണത്തെ കുത്തക ലേല തുകയുടെ വിശദാംശങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. സെപ്തംബർ മാസത്തിൽ 36924099 രൂപയും ഒക്ടോബർ മാസത്തിൽ 167593260 രൂപയും നവംബർ 17 വരെയുള്ള ദിവസങ്ങളിൽ 169527648 രൂപയുമാണ് കുത്തക ലേല തുകയായി ലഭിച്ചത്. ആകെ 374045007 രൂപ ലഭിച്ചു. അങ്ങനെ കുത്തകലേല തുക കൂടി വരുമാനത്തിൽ കൂട്ടുമ്പോൾ കഴിഞ്ഞ വർഷത്തേക്കൾ 18 കോടിയിലേറെ ഇത്തവണ വരുമാനം അധികമാണെന്നും പി എസ് പ്രശാന്ത് അറിയിച്ചു.

കൃത്യമായി പറഞ്ഞാൽ 187251461 കോടി രൂപയുടെ വർധനവാണ് ഇത്തവണയുണ്ടായതെന്നും ദേവസ്വം പ്രസിഡന്റ് കൂട്ടിച്ചേർത്തു.