കൊച്ചി: കൊച്ചിയിൽ വൈഗയെന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ പിതാവ് സനുമോഹന് ശിക്ഷ വിധിച്ച് കോടതി. സനുമോഹന് ജീവപര്യന്തരം ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും തെളിഞ്ഞുവെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. കൊലപാതകത്തിന് ജീവപര്യന്തം തടവും, തട്ടിക്കൊണ്ടുപോകൽ, ലഹരി നൽകൽ, തെളിവ് നശിപ്പിക്കൽ അടക്കം മറ്റ് അഞ്ച് വകുപ്പുകളിൽ 28 വർഷം തടവും ശിക്ഷ വിധിച്ചു.
28 വർഷത്തെ തടവിന് ശേഷം ജീവപര്യന്തം അനുഭവിക്കണമെന്നാണ് കോടതി വിധി. 70 വയസുള്ള അമ്മയെ നോക്കാൻ ആളില്ലെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും സനു മോഹൻ കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും കോടതി ഈ ആവശ്യം പരിഗണിച്ചില്ല. 11 മണി മുതൽ ശിക്ഷാ വിധിയിൽ കോടതി വാദം കേട്ടു. ഇതിന് ശേഷമാണ് ഉച്ചയ്ക്ക് ശേഷം വിധി പറഞ്ഞത്. അപൂർവ്വത്തിൽ അപൂർവ്വമായ കുറ്റകൃത്യമാണെന്നും വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ അറിയിച്ചു.
2021 മാർച്ച് 21 നാണ് പതിമൂന്ന് വയസുപ്രായമായ മകളെ മദ്യം നൽകി ശ്വാസംമുട്ടിച്ച് ബോധരഹിതയാക്കിയ ശേഷം അച്ഛൻ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയത്. പിന്നീട് പ്രതി കടന്നു കളഞ്ഞു. കോയമ്പത്തൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

