മതം രാഷ്ട്രീയ ദുരുപയോഗത്തിനുള്ളതല്ല; ശശി തരൂർ

ന്യൂഡൽഹി: വ്യക്തിപരമായി ഗുണം നൽകുന്ന ഒന്നായാണ് മതത്തെ കാണുന്നതെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. മതം രാഷ്ട്രീയ ദുരുപയോഗത്തിനുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടില്ല. ബിജെപി അയോധ്യയെ വലിയ വാർത്തയാക്കുന്നത് മറ്റുകാര്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ്. രാമക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേരത്തേതന്നെ വാർത്തകളിലൂടെ ആളുകൾ അറിഞ്ഞതാണ്. എന്നാൽ ഇതിലൂടെ രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്നവർ വീണ്ടും വലിയ സംഭവമാക്കുകയും ഭരണ പരാജയത്തെ മറയ്ക്കുകയുമാണ് ചെയ്യുന്നതെന്ന് തരൂർ ചൂണ്ടിക്കാട്ടി.

ക്ഷേത്രങ്ങൾ സർക്കാരിന്റെ കാര്യമല്ല. സർക്കാർ ശ്രദ്ധിക്കേണ്ടത് തൊഴിലില്ലായ്മ, പണപ്പെരുപ്പം, ജനക്ഷേമം, ദേശീയ സുരക്ഷ തുടങ്ങിയവയിലാണ്. എന്നാൽ ആ വിഷയങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാൻ മാധ്യമങ്ങളും സഹായിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.