രണ്ട് കോടി കടന്ന് പ്രധാനമന്ത്രിയുടെ യൂട്യൂബ് സബ്സ്ക്രൈബേഴ്സ്

ന്യൂഡൽഹി: സബ്സ്‌ക്രൈബേഴ്സിന്റെ എണ്ണത്തിൽ വലിയ നേട്ടം കരസ്ഥമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിഗത യൂട്യൂബ് ചാനൽ. നരേന്ദ്ര മോദിയുടെ വ്യക്തിഗത യൂട്യൂബിന്റെ സബ്സ്‌ക്രൈബർമാരുടെ എണ്ണം ചൊവ്വാഴ്ച രണ്ട് കോടി കടന്നു. യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത മൊത്തം വീഡിയോകളുടെ വ്യൂസ് 450 കോടി കടന്നു. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

സബ്സ്‌ക്രൈബർമാരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള രാഷ്ട്രത്തലവൻ മുൻ ബ്രസീലിയൻ പ്രസിഡന്റ് ജെയിർ ബോൽസനാരോ ആണ്. പക്ഷെ ബോൽസനാരോയുടെ സബ്സ്‌ക്രൈബർമാരുടെ എണ്ണം ഏകദേശം 64 ലക്ഷം മാത്രമാണ്. യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെസ്‌കിയാണ് വ്യൂസിന്റെ കാര്യത്തിൽ മോദിയ്ക്ക് പിന്നിൽ. 22.4 കോടി വ്യൂസാണ് സെലൻസ്‌കിയുടെ വീഡിയോകൾ നേടിയിട്ടുള്ളത്.

അതേസമയം, യുഎസ് പ്രസിഡന്റ് ജോ ബൈഡന് 7.89 ലക്ഷം സബ്സ്‌ക്രൈബർമാരുണ്ട്. തുർക്കി പ്രസിഡന്റ് റിസെപ് തയ്യിബ് ഉർദുഗാന് 3.16 ലക്ഷം സബ്സ്‌ക്രൈബർമാരുമുണ്ട്.