രാജ്യത്ത് സ്ത്രീ ശാക്തീകരണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം; ജെ ചിഞ്ചുറാണി

തിരുവനന്തപുരം: രാജ്യത്ത് സ്ത്രീ ശാക്തീകരണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. നിരീക്ഷ സംഘടിപ്പിക്കുന്ന രണ്ടാമത് ദേശീയ വനിതാ നാടകോത്സവത്തിന്റെ ഫ്‌ളാഗ് ഓഫ് പാളയം കണ്ണിമേറ മാർക്കറ്റിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

സ്ത്രീകൾക്ക് എതിരെ നടക്കുന്ന അക്രമങ്ങൾ തടയുന്നതിൽ സംസ്ഥാന സർക്കാർ മാതൃകാപരമായ പ്രവർത്തനം ആണ് നടത്തുന്നത്. പുതിയ തലമുറയിലെ പെൺകുട്ടികൾക്ക് ശക്തമായി മുന്നോട്ട് വരാൻ ഇത്തരത്തിൽ ഉള്ള നാടകോത്സവങ്ങൾ സഹായകരമാകുമെന്നും മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു.

ചണ്ഡിഗഡിലെ നാടക പ്രവർത്തക ദബീന രക്ഷിത് ഫെസ്റ്റിവൽ ബുക്ക് ചടങ്ങിൽ പ്രകാശനം ചെയ്തു. തിരുവനന്തപുരം നഗരസഭാ കൗൺസിലർ രാഖി രവികുമാർ നിരീക്ഷയുടെ പ്രവർത്തകരായ സുധി ദേവയാനി, രാജ രാജേശ്വരി, സോയ തോമസ്, രംഗപ്രഭാത് പ്രസിഡന്റ് കെ എസ് ഗീത തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.