നവകേരള ബസ് വാടകയ്ക്ക് നൽകാൻ തീരുമാനം; ബഡ്ജറ്റ് ടൂറിസം വിഭാഗത്തിന് കൈമാറിയേക്കും

തിരുവനന്തപുരം: നവകേരള ബസ് പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കാനും പിന്നീട് വാടകയ്ക്ക് നൽകാനും തീരുമാനം. വിവാഹ ആവശ്യം, വിനോദയാത്ര, തീർത്ഥാടനം തുടങ്ങിയവയ്ക്ക് നവകേരള ബസ് വാടകയ്ക്ക് ലഭിക്കുമെന്നാണ് റിപ്പോർട്ട്.

കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലാണ് ബസ്. നവകേരള സദസ്സിന്റെ എറണാകുളത്തെ പര്യടനംകൂടി പൂർത്തിയായശേഷം ബസ് കെഎസ്ആർടിസിക്ക് വിട്ടുകൊടുക്കും. കെഎസ്ആർടിസിക്കാണ് ബസിന്റെ പരിപാലനച്ചുമതല. സ്വകാര്യ ആഡംബര ടൂറിസ്റ്റ് ബസുകളെക്കാൾ കുറവായിരിക്കും നവകേരള ബസിന്റെ വാടക തുക എന്നാണ് ലഭ്യമാകുന്ന വിവരം.

ഈ തുക എത്രയാണെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ദിവസം എണ്ണായിരം രൂപ വരെ ഈടാക്കാമെന്ന തരത്തിൽ ചർച്ച നടക്കുന്നതായാണ് സൂചന. കെഎസ്ആർടിസിയുടെ ബഡ്ജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈമാറാനാണ് സാധ്യത.