കോട്ടയം: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാർ. എൻഎസ്എസ് ആസ്ഥാനത്ത് എത്തിയാണ് അദ്ദേഹം സുകുമാരൻ നായരെ കണ്ടത്. മന്നം സമാധിയിൽ ഗണേഷ് കുമാറും സുകുമാരൻ നായരും ഒന്നിച്ച് പ്രാർഥന നടത്തുകയും ചെയ്തു.
ഗണേഷിന് മന്ത്രി സ്ഥാനം ലഭിച്ചതിൽ സന്തോഷമുണ്ടെന്നായിരുന്നു കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ജി സുകുമാരൻ നായർ വ്യക്തമാക്കിയത്. ഗണേഷ് ഒരിക്കലും എൻഎസ്എസിന് എതിരാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗണേഷ് കുമാർ എൻഎസ്എസിനും സർക്കാരിനും ഒപ്പമുണ്ട്. അതിനെ പാലമായി കാണേണ്ടതില്ല. എൻഎസ്എസിന് എതിരായ നിലപാട് വന്നാൽ അപ്പോൾ നോക്കാമെന്നും ജി സുകുമാരൻ നായർ അറിയിച്ചു.
അതേസമയം, ജി സുകുമാരൻ നായർ തനിക്ക് പിതൃ സ്ഥാനീയനും വഴികാട്ടിയുമാണെന്നായിരുന്നു കെ ബി ഗണേഷ് കുമാറിന്റെ പ്രതികരണം. അച്ഛന്റെയും അമ്മയുടെയും മരണശേഷം തന്നെ സ്നേഹ പൂർവം ചേർത്തു നിർത്തിയത് സുകുമാരൻ നായരായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

