തിരുവനന്തപുരം: വീണ്ടും മന്ത്രിയാക്കാൻ എൽഡിഎഫ് തീരുമാനിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് കെ ബി ഗണേഷ് കുമാർ. നന്നായി ഒരു ജോലി ചെയ്യാൻ മുഖ്യമന്ത്രി ഏൽപിച്ചിരിക്കുകയാണെന്നും ഈ ചുമതല നിർവ്വഹിക്കാൻ എല്ലാവരും സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് ഉപദ്രവിക്കരുത്. മാധ്യമങ്ങളുടെയും ജനങ്ങളുടെയും ഭാഗത്തുനിന്ന് എല്ലാവിധ പിന്തുണയുണ്ടാകണം. വെറുതെ തന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് ദയവു ചെയ്ത് ഉപദ്രവിക്കരുത്. താൻ ഒന്നിനുമുള്ള ആളല്ല. ഗതാഗത വകുപ്പ് തന്നെയാണോ ലഭിക്കുക എന്നറിയില്ല. ആണെങ്കിൽ കെഎസ്ആർടിസി ലാഭത്തിലാക്കാമെന്ന മണ്ടത്തരം ഒന്നു പറയില്ല. ഗതാഗത വകുപ്പ് തന്നെയാണോന്ന് മുഖ്യമന്ത്രി പറഞ്ഞില്ല. ഗതാഗത വകുപ്പാണെങ്കിൽ ഒരുപാട് ജോലിയുണ്ട്. എങ്കിലും ഇന്നത്തെ സ്ഥിതിയിൽ നിന്നും അതിനെ മെച്ചപ്പെടുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില ആശയങ്ങളൊക്കെ മനസ്സിലുണ്ട്. മുഖ്യമന്ത്രി വകുപ്പ് പ്രഖ്യാപിച്ചശേഷം അതിനെക്കുറിച്ച് വിശദമായി പറയാമെന്നും അദ്ദേഹം പ്രതികരിച്ചു.
ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ച് പഠിക്കേണ്ടതുണ്ട്. മുൻപ് നമ്മൾ ചെയ്തിട്ടുണ്ട്. പക്ഷേ അതിനേക്കാൾ മോശം സ്ഥിതിയിലാണ്. തൊഴിലാളികളുടെ ഒരു സഹകരണം ആവശ്യമുണ്ട്. പക്കാ നന്നാക്കി ലാഭത്തിലാക്കാമെന്നുള്ള മണ്ടത്തരം ഒന്നും പറയുന്നില്ല. പക്ഷേ വളരെയധികം മെച്ചപ്പെടുത്താൻ, ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അഭിമാനിക്കാവുന്ന രീതിയിൽ മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

