പ്രതിഷേധം ശക്തം; ഡബ്ള്യുഎഫ്ഐയുടെ പുതിയ ഭരണസമിതിയെ സസ്പെൻഡ് ചെയ്തു

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പുതിയ ഭരണസമിതിയെ കായികമന്ത്രാലയം സസ്പെൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത താരത്തെ ഉൾപ്പെടെ ഏഴ് പേരെ പീഡിപ്പിച്ച ബിജെപി എംപി ബ്രിജ് ഭൂഷൺ ശരണിന്റെ അടുത്ത അനുയായി ഡബ്‌ള്യു എഫ് ഐയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതിൽ കായികതാരങ്ങൾ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കായിക മന്ത്രാലയത്തിന്റെ നടപടി. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട സമിതി മുൻ ഭാരവാഹികളുടെ പൂർണ നിയന്ത്രണത്തിലാണെന്ന് കരുതുന്നുവെന്ന് കായിക മന്ത്രാലയം നിരീക്ഷിച്ചു.

ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ അടുത്ത അനുയായിയായ സഞ്ജയ് സിംഗിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി ‘നിയമപരവും നടപടിക്രമപരവുമായ മാനദണ്ഡങ്ങളോടുള്ള നഗ്നമായ അവഗണനയുടെ ഉദാഹരണമാണെന്ന് മന്ത്രാലയം അറിയിച്ചു. സഞ്ജയ് സിംഗിന്റെ നേതൃത്വത്തിൽ പുതിയ ഭരണസമിതി തിരഞ്ഞെടുക്കപ്പെട്ടത് കഴിഞ്ഞ വ്യാഴാഴ്ച്ചയാണ്.

ഫെഡറേഷന്റെ കാര്യങ്ങൾ നടത്തുന്നത് മുൻ ഭാരവാഹികളുടെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളിൽ വച്ചാണ്. കായിക താരങ്ങൾക്കെതിരായ ലൈംഗികാതിക്രമം ആരോപിക്കപ്പെടുന്നതും ഇതേ സ്ഥലങ്ങളിലാണ്. ആരോപണങ്ങളിൽ കോടതി നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു.