വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം കർണാടക സർക്കാർ പിൻവലിച്ചിട്ടില്ല; സിദ്ധരാമയ്യ

ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം കർണാടക സർക്കാർ പിൻവലിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇതുവരെ അത്തരത്തിലുള്ള യാതൊരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു.

ഹിജാബ് ധരിക്കാൻ താത്പര്യമുള്ളവർക്ക് അതാകാമെന്ന് മൈസൂരു സർവകലാശാലയിൽ നടന്ന ഒരു പരിപാടിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പരാമർശം നടത്തിയിരുന്നു. തുടർന്നാണ് ഹിജാബ് ധരിക്കുന്നതിലെ നിരോധനം പിൻവലിച്ചെന്ന രീതിയിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചത്. ഇതിന് പിന്നാലെയാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്. കർണാടക സർക്കാർ അങ്ങനെയൊരു ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ മാധ്യമങ്ങളെ അറിയിച്ചത്.

ഹിജാബ് അനുവദിക്കാൻ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഒരാൾ തന്നോട് ഒരു ചോദ്യം ചോദിച്ചു. അതിനുള്ള മറുപടിയാണ് താൻ പറഞ്ഞത്. നിരോധനം അവസാനിപ്പിക്കുന്നത് സർക്കാരിന്റെ പരിഗണനയിലുണ്ട്. പക്ഷേ, സർക്കാർ ഉദ്യോഗസ്ഥരുമായി ആദ്യം ഇക്കാര്യം ചർച്ചചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.