ന്യൂഡൽഹി: പാർലമെന്റ് ആക്രമിക്കുമെന്ന ഭീഷണി ഉയർത്തി ഖലിസ്ഥാൻ നേതാവ് ഗുർപന്ത് വന്ത് സിങ് പന്നു. ഡിസംബർ പതിമൂന്നിന് മുമ്പ് പാർലമെന്റ് ആക്രമിക്കുമെന്നാണ് ഭീഷണി. വീഡിയോ സന്ദേശത്തിലൂടെയാണ് ഇയാൾ ഭീഷണി ഉയർത്തിയത്.
ഐഎസ്ഐയുടെ സഹായത്തോടെയാണ് ആക്രമണം നടത്തുകയെന്നാണ് ഇയാൾ പറയുന്നത്. തന്നെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന പരാജയപ്പെട്ടെന്നും ഇയാൾ പറഞ്ഞു. പാർലമെന്റ് ആക്രമണത്തിന് 22 വർഷം തികയുന്ന ദിവസമാണ് ഡിസംബർ 13. പാർലമെന്റ് ആക്രമണ കേസിൽ തൂക്കിലേറ്റപ്പെട്ട അഫ്‌സൽ ഗുരുവിന്റെ പോസ്റ്റർ ഉപയോഗിച്ചായിരുന്നു വീഡിയോ. കഴിഞ്ഞ നവംബർ പത്തൊൻപതിന് എയർഇന്ത്യ വിമാനങ്ങൾ ആക്രമിക്കുമെന്നും പന്നു ഭീഷണി മുഴക്കിയിട്ടുണ്ട്. അതേസമയം, പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം നടക്കുന്നതിനാൽ പാർലമെന്റിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

