എന്തിനാണ് നികുതി അടയ്ക്കുന്നതെന്ന് ജനങ്ങളെ കൊണ്ട് ചോദിപ്പിക്കരുത്; അധികാരികൾക്കെതിരെ വിമർശനവുമായി വിശാൽ

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ചെന്നൈയിലുണ്ടായ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ചെന്നൈ നഗരത്തിൽ കനത്ത വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. പ്രളയത്തിന്റെ ഭീകരാവസ്ഥ വെളിവാക്കുന്ന പല വാർത്തകളും പുറത്തു വരുന്നുണ്ട്. ഇത്തരത്തിൽ ചർച്ചയാകുന്ന ഒരു വാർത്തയാണ് നടൻ വിശാൽ പുറത്തുവിട്ടിരിക്കുന്നത്.

അധികാരികളെ വിമർശിച്ചാണ് താരം രംഗത്തെത്തിയിരിക്കുന്നത്. തന്റെ വീട്ടിലും ഒരടി പൊക്കത്തിൽ വെള്ളംകയറിയെന്നും അതിലും താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ അവസ്ഥ എന്താണെന്ന് സങ്കൽപിക്കാവുന്നതേയുള്ളൂവെന്നും താരം വ്യക്തമാക്കി. താൻ പറയുന്നത് രാഷ്ട്രീയമായ കാര്യമല്ല. വെള്ളപ്പൊക്കം എന്ന പ്രശ്‌നത്തെ കുറിച്ചാണ്. എന്തിനാണ് നികുതി അടയ്ക്കുന്നതെന്ന് ജനങ്ങളെ കൊണ്ട് ചോദിപ്പിക്കരുതെന്നും അദ്ദേഹം പറയുന്നു. ചെന്നൈ മേയർ പ്രിയാ രാജൻ, കമ്മീഷണർ ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ ഉദ്യോഗസ്ഥർ എന്നിവരെ എടുത്തുപറഞ്ഞുകൊണ്ട് വിശാൽ ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്.

പ്രിയപ്പെട്ട ചെന്നൈ മേയർ പ്രിയ രാജനും കോർപറേഷനിലെ മറ്റെല്ലാ ഉദ്യോഗസ്ഥരും അറിയാൻ എന്ന ആമുഖത്തോടൊണ് വിശാൽ കുറിപ്പ് എഴുതിയിരിക്കുന്നത്. നിങ്ങളെല്ലാവരും നിങ്ങളുടെ കുടുംബങ്ങളോടൊപ്പം സുരക്ഷിതരാണെന്നു വിശ്വസിക്കുന്നു. നിങ്ങളുടെ വീടുകളിലേക്ക് അഴുക്കുവെള്ളം കയറിയിട്ടില്ലെന്നും ഭക്ഷണത്തിനും വൈദ്യുതിക്കും ഇതുവരെ തടസ്സങ്ങൾ ഒന്നുമില്ലെന്നും പ്രതീക്ഷിക്കുന്നു. ഒരു വോട്ടർ എന്ന നിലയിൽ അന്വേഷിച്ചതാണ്. എന്നാൽ നിങ്ങൾ ജീവിക്കുന്ന അതേ നഗരത്തിലുള്ള മറ്റ് പൗരന്മാരുടെ സ്ഥിതി വളരെ വ്യത്യസ്തമാണ്. വെള്ളപ്പൊക്ക സമയത്ത് സഹായകരമാവേണ്ടിയിരുന്ന വാട്ടർ ഡ്രെയ്ൻ പ്രോജക്റ്റ് ചെന്നൈയ്ക്ക് വേണ്ടിത്തന്നെയാണോ നടപ്പാക്കിയതെന്നും അതോ സിംഗപ്പൂരിനു വേണ്ടിയാണോയെന്നും അദ്ദേഹം ചോദിക്കുന്നു.

2015 ൽ രക്ഷാപ്രവർത്തനവുമായി തങ്ങളെല്ലാം തെരുവിൽ ഇറങ്ങിയിരുന്നു. എട്ടു വർഷത്തിനപ്പുറം അതിലും മോശം അവസ്ഥ കാണുന്നത് വളരെ ദുഃഖകരമാണ്.ഇത്തവണയും ഭക്ഷണവും വെള്ളവുമായി ഞങ്ങൾ ഇറങ്ങും. പക്ഷേ ഇക്കുറി എല്ലാ മണ്ഡലങ്ങളിലെയും എംഎൽഎമാരെ രക്ഷാപ്രവർത്തന രംഗത്ത് സജീവമായി കണ്ടാൽ കൊള്ളാമെന്നുണ്ട്. ഇത് എഴുതുമ്പോൾ ലജ്ജ കൊണ്ട് എന്റെ തല കുനിയുകയാണ്. ഒരു അദ്ഭുതവും പ്രതീക്ഷിക്കുന്നില്ല, എന്നാൽ പൗരന്മാരോടുള്ള കടമ പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.