യോജിക്കാൻ സാധിക്കുന്ന ശക്തികളെ കോൺഗ്രസ് യോജിപ്പിച്ചില്ല; വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. യോജിക്കാൻ സാധിക്കുന്ന ശക്തികളെ കോൺഗ്രസ് യോജിപ്പിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസ് ഒറ്റയ്ക്ക് നിന്നാൽ ബിജെപിയെ പരാജയപ്പെടുത്താനാകില്ല. ബിജെപിയുടെ ബി ടീമായി കോൺഗ്രസ് പ്രവർത്തിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പരാജയത്തിൽ നിന്ന് കോൺഗ്രസ് പാഠം പഠിക്കണം. വർഗീയതയെ എതിർക്കുന്നതിന് പകരം കോൺഗ്രസ് വർഗീയതക്കൊപ്പം നിന്നു. എല്ലാവരും ഒന്നിച്ച് നിന്നാൽ ബി ജെ പി യെ പരാജയപ്പെടുത്താവുന്നതേയുള്ളൂ. ഇക്കാര്യം മനസ്സിലാക്കി പ്രവർത്തിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മന്ത്രി പി എ മുഹമ്മദ് റിയാസും കോൺഗ്രസിനെതിരെ വിമർശനം ഉന്നയിച്ചു. ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും ബിജെപിക്കെതിരെ നിലകൊള്ളാൻ കോൺഗ്രസിന് സാധിക്കുന്നില്ല. ബിജെപിയുടെ അണ്ടർ കവർ ഏജന്റുമാരായി കോൺഗ്രസുകാർ മാറുകയാണെന്നും അതാണ് പരാജയത്തിന് കാരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.