കോഴിക്കോട്: സിപിഎമ്മിനും കോൺഗ്രസിനുമെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കേരളത്തിൽ സിപിഎമ്മും കോൺഗ്രസും പ്രീണന നയം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ യുവാക്കളെക്കുറിച്ച് യഥാർഥ ചിന്തയുണ്ടായിരുന്നെങ്കിൽ അവർക്കുവേണ്ടി ജോലിയും ഫാക്ടറികളും ഉണ്ടാക്കുകയായിരുന്നു പിണറായി വിജയൻ ചെയ്യേണ്ടതെന്ന് അദ്ദേഹം അറിയിച്ചു.
കേരളത്തിലെത്തിയ രാഹുൽ ഗാന്ധി, പിണറായി വിജയനൊപ്പം നവകേരള സദസിൽ പങ്കെടുക്കുമെന്നാണ് താൻ കരുതിയതെന്ന പരിഹാസവും അദ്ദേഹം ഉന്നയിച്ചു. സിപിഎം ഇപ്പോൾ പിണറായി വിജയന്റെ നേതൃത്വത്തിൽ നവകേരള യാത്ര നടത്തിക്കൊണ്ടിരിക്കുകയാണ്. രാഹുൽ ഗാന്ധിയും കേരളത്തിൽ ഉണ്ട്. ഇരുവരും ചേർന്ന് ഒരുമിച്ച് നവകേരള സദസിൽ പങ്കെടുക്കും എന്നാണ് കരുതിയത്. എന്നാൽ അങ്ങനെയൊന്നും കണ്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സ്‌ട്രോങ്ങ് കേരളം ഫസ്റ്റ് കേരളം എന്നതാണ് എൻഡിഎയുടെ നയം. ഹമാസ് എന്തു ചെയ്താലും അത് ന്യായീകരിക്കപ്പെടേണ്ടതാണ് എന്നാണ് ചില സിപിഎം നേതാക്കൾ പറഞ്ഞത്. എന്നാൽ ബഹ്‌റൈൻ സുൽത്താൻ അടക്കം ഹമാസ് നടത്തിയ കൂട്ടക്കൊലയെ അപലപിച്ചിട്ടുണ്ട്. അവർ പറയുമ്പോൾ സത്യവും ഞങ്ങൾ പറയുമ്പോൾ വർഗീയതയും ആകുന്നത് എങ്ങനെയാണെന്ന് സിപിഎം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

