ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മൂന്നിടത്ത് ബിജെപിയ്ക്ക് മുന്നേറ്റം. വോട്ടെണ്ണലിന്റെ തുടക്കം മുതൽ മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി ലീഡ് നിലനിർത്തിയിരുന്നു. ഈ രണ്ട് സംസ്ഥാനങ്ങളിലും വിജയിക്കാൻ ബിജെപിയ്ക്ക് കഴിഞ്ഞു. ഛത്തീസ്ഗഡും ബിജെപി പിടിച്ചെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജനം വോട്ട് ചെയ്തുവെന്നായിരുന്നു ഛത്തീസ്ഗഡ് ബിജെപി നേതാവ് രമൺ സിങ് വ്യക്തമാക്കിയത്.
തെലങ്കാനയിൽ വിജയിക്കാൻ കഴിഞ്ഞത് മാത്രമാണ് കോൺഗ്രസിനെ സംബന്ധിച്ച് ആശ്വാസ വാർത്ത. അതേസമയം, മൂന്ന് സംസ്ഥാനങ്ങളിലെ ഉജ്ജ്വല മുന്നേറ്റം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ അറിയിച്ചു. അഴിമതി സഖ്യത്തിന് ഏറ്റ തിരിച്ചടിയാണ് ഇതെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപി വലിയ വിജയം നേടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തെലങ്കാനയിൽ സീറ്റ് പതിന്മടങ്ങ് ഉയർത്തിയെന്നും അനുരാഗ് താക്കൂർ വിശദമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തി പ്രവർത്തകരെ അഭിസംബോധന ചെയ്യും. വിജയാഘോഷത്തിൽ മുതിർന്ന നേതാക്കളും പങ്കെടുക്കും.

