കേംബ്രിജ് സർവകലാശാലയിൽ പ്രഭാഷണം നടത്താൻ വി ഡി സതീശൻ

തിരുവനന്തപുരം: കേംബ്രിജ് സർവകലാശാലയിൽ പ്രഭാഷണം നടത്താൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ‘നെഹ്റുവിയൻ സോഷ്യലിസത്തിന്റെ പുനരുജ്ജീവനവും മാർഗങ്ങളും’ എന്ന വിഷയത്തിലായിരിക്കും അദ്ദേഹം പ്രഭാഷണം നടത്തുന്നത്. നവംബർ 17ന് സൗത്ത് ഏഷ്യൻ സ്റ്റുഡന്റ്‌സ് ഹാളിലാണ് പ്രതിപക്ഷ നേതാവ് പ്രഭാഷണം നടത്തുന്നത്.

യുകെയിലെ ഇന്ത്യൻ വർക്കേഴ്‌സ് യൂണിയൻ കേംബ്രിജ് സ്റ്റുഡന്റസ് യൂണിയനുമായി സഹകരിച്ചാണ് സംവാദ പരിപാടി നടത്തുന്നത്. നവംബർ 18ന് കേംബ്രിജിലെ ആംഗ്ലിയ റസ്‌കിൻ സർവകലാശാലയിൽ ‘സാമൂഹ്യനീതിയും രാഷ്ട്രീയ സമത്വവും’ എന്ന വിഷയത്തിലെ സംവാദത്തിലും വിഡി സതീശൻ പങ്കുചേരും. ആംഗ്ലിയ റസ്‌കിൻ സർവകലാശാല ലക്ചർ ഹാളിൽ നടക്കുന്ന സംവാദത്തിൽ യുകെ പാർലമെന്റ് അംഗം ഡാനിയൽ സെയ്ച്നർ, കേംബ്രിജ് ഷെയർ – പീറ്റർബറോ ഡെപ്യൂട്ടി മേയർ അന്ന സ്മിത്ത് തുടങ്ങിയവർ പ്രഭാഷണം നടത്തും.