എൻഎസ്എസ് നാമജപ ഘോഷയാത്ര; ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

തിരുവനന്തപുരം: എൻഎസ്എസ് നാമജപ ഘോഷയാത്രകൊണ്ട് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായിട്ടില്ലെന്ന് റിപ്പോർട്ട് നൽകി പോലീസ്. എൻഎസ്എസ് നടത്തിയത് പ്രതിഷേധമായിരുന്നില്ലെന്നും പോലീസ് റിപ്പോർട്ടിലുണ്ട്. ഇതോടെ സ്പീക്കർ എ എൻ ഷംസീറിന്റെ പരാമർശത്തിൽ പ്രതിഷേധിച്ചു എൻഎസ്എസ് തിരുവനന്തപുരത്തു നടത്തിയ ഘോഷയാത്രയ്ക്ക് എതിരെ എടുത്ത കേസ് എഴുതിത്തള്ളി.

മിത്ത് വിവാദത്തെ തുടർന്ന് എൻഎസ്എസുമായുണ്ടായ പ്രശ്‌നം പരിഹരിക്കുന്നതിനായാണ് സർക്കാർ ഇടപെട്ട് കേസ് അവസാനിപ്പിച്ചത്. ഓഗസ്റ്റ് രണ്ടിനാണ് ഷംസീറിന്റെ പരാമർശത്തിൽ പ്രതിഷേധിച്ചു എൻഎസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയൻ തലസ്ഥാനത്ത് നാമജപഘോഷയാത്ര നടത്തിയത്. പാളയം ഗണപതി ക്ഷേത്രത്തിന് മുന്നിൽനിന്നു പഴവങ്ങാടി ഗണപതിക്ഷേത്രത്തിനു മുന്നിലേക്കായിരുന്നു നാമജപയാത്ര. തിരുവനന്തപുരം താലൂക്ക് യൂണിയനിലെ 175 കരയോഗങ്ങളിൽ നിന്നുള്ള പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തിരുന്നു.

എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത്കുമാറിനെ ഒന്നാം പ്രതിയാക്കി, കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കെതിരെ കന്റോൺമെന്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. യാത്രയ്ക്കു മുൻകൂർ അനുമതി വാങ്ങിയിരുന്നില്ല, പൊലീസ് നിർദേശം ലംഘിച്ച് അന്യായമായി സംഘം ചേർന്നു, അനുമതിയില്ലാതെ മൈക്ക് സെറ്റ് പ്രവർത്തിപ്പിച്ചു, കാൽനടയാത്രക്കാർക്കും വാഹനഗതാഗതത്തിനും തടസ്സമുണ്ടാക്കി തുടങ്ങിയ കുറ്റങ്ങളായിരുന്നു എഫ്‌ഐആറിൽ ചുമത്തിയിരുന്നത്.