ആലപ്പുഴ: തകഴിയിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ. സംഭവം നിർഭാഗ്യകരമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കടബാധ്യതയെ തുടർന്ന് വിഷം കഴിച്ച നെൽ കർഷകൻ തകഴി കുന്നുമ്മ അംബേദ്കർ കോളനിയിൽ കെ ജി പ്രസാദ് ഇന്നാണ് മരണപ്പെട്ടത്. പ്രസാദിന്റെ മരണത്തിൽ മന്ത്രി അനുശോചനം അറിയിച്ചു.
പ്രസാദ് മുൻപ് എടുത്തിട്ടുള്ള വ്യക്തിഗത വായ്പ ഒറ്റത്തവണ തീർപ്പാക്കിയതിന്റെ പേരിൽ ബാങ്കുകൾ വായ്പ നിഷേധിച്ചതാണ് ആത്മഹത്യയിലേയ്ക്കു നയിച്ചതെന്ന വെളിപ്പെടുത്തൽ സംബന്ധിച്ച വിശദാംശങ്ങൾ കൂടുതൽ അന്വേഷണത്തിലൂടെ പുറത്തുവരണമെന്നും മന്ത്രി അറിയിച്ചു.
കെ ജി പ്രസാദിൽ നിന്നും 2021-22 കാലയളവിൽ സംഭരിച്ച നെല്ലിന്റെ വില പിആർഎസ് വായ്പയായി ഫെഡറൽ ബാങ്ക് വഴി നൽകുകയും സമയബന്ധിതമായി അടച്ചുതീർക്കുകയും ചെയ്തിരുന്നെന്നും മന്ത്രി പറഞ്ഞു. 2022-23 സീസണിലെ ഒന്നാം വിളയായി പ്രസാദിൽ നിന്ന് 4896 കിലോഗ്രാം നെല്ലു സംഭരിക്കുകയും നെല്ലിന്റെ വിലയായി 1,38,655 രൂപ കേരളാ ബാങ്ക് വഴി പിആർഎസ് വായ്പയായി അനുവദിക്കുകയും ചെയ്തു.
തിരിച്ചടവിന്റെ സമയപരിധി ആവുന്നതേയുള്ളു. ആയതിനാൽ പിആർഎസ് വായ്പയിലെ കുടിശ്ശിക അല്ല കർഷകന്റെ സിബിൽ സ്‌കോറിനെ ബാധിച്ചതെന്നും മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. 2023-24 ലെ ഒന്നാം വിളയുടെ സംഭരണ വില വിതരണം നവംബർ 13 മുതൽ ആരംഭിക്കാനിരിക്കുകയാണ്. കർഷകർക്ക് എത്രയും വേഗം സംഭരണവില നൽകാനുള്ള എല്ലാ പ്രവർത്തനങ്ങളും സർക്കാർ നടത്തുകയാണെന്നും മന്ത്രിയുടെ ഓഫീസ് കൂട്ടിച്ചേർത്തു.

