ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം ഡിസംബറിനും ഫെബ്രുവരിക്കും ഇടയിൽ നടത്താൻ സാധ്യത; റിപ്പോർട്ട്

ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം ഉടൻ ഉണ്ടാകുമെന്ന് റിപ്പോർട്ട്. ഭാരത് ജോഡോ യാത്ര 2.0 2023 ഡിസംബറിനും 2024 ഫെബ്രുവരിക്കും ഇടയിൽ നടത്താൻ കോൺഗ്രസ് ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

‘ഹൈബ്രിഡ്’ രീതിയിലായിരിക്കും ഭാരത് ജോഡോ യാത്ര 2.0 എന്നാണ് സൂചന. പങ്കെടുക്കുന്നവർ കാൽനടയായും വാഹനങ്ങളിലും യാത്ര നടത്തും.

2022 സെപ്റ്റംബർ ഏഴിന് തമിഴ്നാട്ടിലെ കന്യാകുമാരിയിലാണ് ഭാരത് ജോഡോ യാത്രയുടെ ആദ്യ ഘട്ടം ആരംഭിച്ചത്. ഏകദേശം 4,080 കിലോമീറ്റർ പിന്നിട്ട യാത്ര 2023 ജനുവരിയിൽ ജമ്മു കശ്മീരിലെ ശ്രീനഗറിൽ സമാപിച്ചു. 126 ദിവസം കൊണ്ട് 12 സംസ്ഥാനങ്ങളിലെ 75 ജില്ലകളിലൂടെയാണ് ഭാരത് ജോഡോ യാത്ര കടന്നുപോയത്.

ആദ്യ യാത്ര തെക്കു നിന്ന് വടക്കോട്ടായതിനാൽ, കിഴക്കുനിന്നു പടിഞ്ഞാറോട്ട് മറ്റൊരു ഭാരത് ജോഡോ യാത്ര നടത്തണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ രാഹുൽ ഗാന്ധിയോട് നേരത്തെ ആവശ്യപ്പെടുകയും ചെയ്തിരുന്നു.