കേരളീയം 2023; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി കേരളം

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് സംസ്ഥാന സർക്കാർ സംഘടിപ്പിച്ച കേരളീയം 2023 പരിപാടിയുടെ ഭാഗമായി കേരളത്തിന് ഗിന്നസ് റെക്കോർഡ് ലഭിച്ചു. 67-ാം കേരളപ്പിറവി ആഘോഷവേളയിൽ 67 വ്യത്യസ്ത ഭാഷകളിൽ 67 പേർ ഓൺലൈൻ വീഡിയോ മുഖേന കേരളപ്പിറവി ആശംസകൾ നേർന്നതിലൂടെയാണ് ഗിന്നസ് നേട്ടം സംസ്ഥാനം സ്വന്തമാക്കിയതെന്ന് സർക്കാർ അറിയിച്ചു. ഇത്രയും പേർ ഒന്നിച്ച് ഇത്രയും ഭാഷകളിൽ ഒരേ സമയം ആശംസ നേരുന്ന ‘ഓൺലൈൻ വീഡിയോ റിലേ’ ചരിത്രത്തിൽ ആദ്യമാണെന്ന് ഗിന്നസ് അധികൃതർ അറിയിച്ചതായി സർക്കാർ വ്യക്തമാക്കി.

കേരളീയം 2023 സമാപന ചടങ്ങിൽ വച്ച് ഗിന്നസ് നേട്ടത്തിന്റെ സർട്ടിഫിക്കറ്റ് ചീഫ് സെക്രട്ടറി വി വേണു മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ഓൺലൈൻ വീഡിയോ റിലേ ആരംഭിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസയോടെയാണ്. തുടർന്നു വിവിധ സംസ്ഥാനങ്ങളിലെ കേരള കേഡർ സിവിൽ സർവീസ് ഉദ്യോഗസ്ഥർ അവരുടെ ഭാഷകളിൽ ആശംസകൾ നേർന്നു. ഇന്ത്യൻ പ്രാദേശിക ഭാഷകൾക്ക് പുറമെ ജാപ്പനീസ്, മലയ്, സ്പാനിഷ്, റഷ്യൻ തുടങ്ങി ആഫ്രിക്കയിലെ പ്രാദേശിക ഭാഷകളിൽ വരെയുള്ള കേരളപ്പിറവി ആശംസകളും ഈ വീഡിയോയിൽ ഉണ്ടായിരുന്നു.

അതേസമയം, കേരളീയം 2023 പരിപാടിയ്ക്ക് സമാപനം കുറിച്ചു. ഒരു ഭാഷാസമൂഹമെന്ന നിലയിൽ കേരളം കൈവരിച്ച സാമൂഹിക പുരോഗതിയെയും നമ്മുടെ നാടിന്റെ പ്രത്യേകതകളെയും ലോകത്തിന് മുന്നിലവതരിപ്പിക്കുന്ന ഒരാഴ്ച നീണ്ട ആഘോഷപരിപാടികൾക്ക് ഇതോടെ വിരാമമായി. 42 വേദികളിലായി സംഘടിക്കപ്പെട്ട വിപുലമായ പരിപാടികൾ കേരളക്കരയെ അടയാളപ്പെടുത്തുന്ന സമഗ്രാവിഷ്‌കാരങ്ങളായി. കേരളവുമായി ബന്ധപ്പെട്ട കാര്യങ്ങളെ മേഖല തിരിച്ചു നടത്തിയ 25 സെമിനാറുകളിൽ അന്താരാഷ്ട്ര വിദഗ്ദ്ധർ സമ്മേളിച്ചു. കേരളത്തനിമയെ അടയാളപ്പെടുത്തുന്ന 25 പ്രദർശനങ്ങൾ, വിവിധ വേദികളിലായി നടന്ന ഭക്ഷ്യമേളകൾ, ഏഴുദിവസവും 30 ഓളം വേദികളിലായി നടന്ന കലാപരിപാടികൾ, മലയാളസിനിമയുടെ പരിണാമം അടയാളപ്പെടുത്തുന്ന ചലച്ചിത്രമേള, വർണ്ണാഭമായ ഫ്‌ലവർ ഷോ. കവടിയാർ മുതൽ കിഴക്കേക്കോട്ട വരെ നീണ്ട ദീപാലങ്കാരങ്ങളും മറ്റ് അലങ്കാരപരിപാടികളുമെല്ലാം ‘കേരളീയ’ത്തെ ബൃഹത്തായ ആഘോഷവേളയാക്കി മാറ്റിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.