ഭോപ്പാൽ: കോൺഗ്രസിനും ബിജെപിക്കുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് സമാജ് വാദി പാർട്ടി (എസ്പി) അധ്യക്ഷൻ അഖിലേഷ് യാദവ്. കോൺഗ്രസും ബിജെപിയും മധ്യപ്രദേശിൽ സർക്കാർ രൂപീകരിച്ചെങ്കിലും പാവങ്ങൾക്കും കർഷകർക്കും വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലെ നിവാരി ജില്ലയിൽ പൊതുറാലിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഇന്നും ദാരിദ്ര്യവും പട്ടിണിയും തൊഴിലില്ലായ്മയും ഇവിടെയുണ്ട്. താൻ കോൺഗ്രസിനെയും ബിജെപിയെയും കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു. കാരണം രണ്ടു പാർട്ടികളും മധ്യപ്രദേശിൽ സർക്കാർ രൂപീകരിച്ചെങ്കിലും പാവപ്പെട്ടവർക്കും കർഷകർക്കുമായി ഒന്നും ചെയ്തില്ല. അന്തരീക്ഷം ബിജെപിക്കും കോൺഗ്രസിനും എതിരാണെന്നും ജനങ്ങൾ നിരാശരാണെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ നിവാരിയിൽ എസ്പി ജയിച്ചു. ജനം എസ്പി സ്ഥാനാർഥിയെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കും. ഇരട്ട എൻജിൻ സർക്കാരിന് തൊഴിലില്ലായ്മയും പണപ്പെരുപ്പവും കുറയ്ക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ എങ്ങനെയാണ് അവർ ജനങ്ങളിൽ നിന്ന് വോട്ടു നേടുകയെന്ന് അദ്ദേഹം ചോദിക്കുന്നു.
കോൺഗ്രസ് ഞങ്ങളിൽ നിന്ന് നേരത്തെ അകന്നുപോയത് നന്നായി. അല്ലാത്തപക്ഷം ഞങ്ങളുടെ പല സുഹൃത്തുക്കൾക്കും നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ കഴിയുമായിരുന്നില്ലെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു.

