മലപ്പുറം: കെപിസിസി വിലക്കിനെ മറികടന്ന് പലസ്തീൻ ഐക്യദാർഢ്യറാലി സംഘടിപ്പിച്ച് ആര്യാടൻ ഫൗണ്ടേഷൻ. വലിയ തോതിൽ പ്രവർത്തകരെ അണിനിരത്തിയാണ് ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിൽ റാലി സംഘടിപ്പിച്ചത്. യൂത്ത് കോൺഗ്രസ് നേതാവ് റിയാസ് മുക്കോളിയടക്കം മലപ്പുറത്തെ കോൺഗ്രസ് എ ഗ്രൂപ്പ് നേതാക്കളെല്ലാം റാലിക്ക് നേതൃത്വം നൽകുന്നുണ്ട്. പാർട്ടി നിർദേശം ലംഘിച്ച് റാലി നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നായിരുന്നു കെപിസിസി നേതൃത്വം നൽകിയിരുന്ന മുന്നറിയിപ്പ്.
ടൗൺ ഹാൾ പരിസരത്ത് നിന്നാണ് റാലി ആരംഭിച്ചത്. കിഴക്കേത്തലവരെയാണ് റാലി നടന്നത്. പൊതുയോഗവും നടത്താൻ മലപ്പുറത്തെ കോൺഗ്രസ് എ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷൻ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് കെപിസിസി കർശന നിർദേശം നൽകിയത്.
ജില്ലയിലെ കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട വിഭാഗീയതയാണ് നിലവിലെ പ്രശ്‌നങ്ങൾക്ക് കാരണം. ഡിസിസി പലസ്തീൻ ഐക്യദാർഢ്യറാലി നടത്തിയിരുന്നു. അര്യാടൻ ഷൗക്കത്തും സി ഹരിദാസടക്കമുള്ള എ ഗ്രൂപ്പ് നേതാക്കൾ ഡിസിസിയുടെ പരിപാടിയിൽ പങ്കെടുത്തിരുന്നു. അതേസമയം, പലസ്തീൻ ഐക്യദാർഢ്യം വിഭാഗീയ പ്രവർത്തനമല്ലെന്നും നേതൃത്വത്തോട് വിശദീകരിക്കുമെന്നുമായിരുന്നു ആര്യാടൻ ഷൗക്കത്ത് നൽകിയ വിശദീകരണം.

