ന്യൂഡൽഹി: ഇന്ത്യയിൽ ഉല്പാദിപ്പിക്കുന്ന ഐഫോണുകളുടെ എണ്ണം വർധിപ്പിക്കാൻ തയ്യാറെടുത്ത് ആപ്പിൾ. ടിഎഫ് സെക്യൂരിറ്റീസ് ഇന്റർനാഷണൽ അനലിസ്റ്റായ മിങ് ചി കുവോയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. അടുത്തവർഷം അവസാനത്തോടെ ഇന്ത്യയിൽ ഐഫോൺ 17 ഉല്പാദനം ആരംഭിക്കാനുള്ള ശ്രമത്തിലാണ് ആപ്പിൾ എന്നാണ് കുവോയുടെ വെളിപ്പെടുത്തൽ.
2025 ൽ ആപ്പിൾ അവതരിപ്പിക്കാനിരിക്കുന്ന മോഡലാണ് ഐഫോൺ 17. 2024 ഓടുകൂടി ഐഫോൺ ഉല്പാദനത്തിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള അന്തരം കുറയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കരാർ കമ്പനിയായ ഫോക്സ്‌കോൺ ആണ് ഇന്ത്യയിൽ ഉല്പാദിപ്പിക്കുന്ന ഐഫോണുകളിൽ 80 ശതമാനവും നിർമിക്കുന്നത്. അടുത്തവർഷത്തോടെ ചൈനയിലെ ഷെങ്ഷോ, തായുവാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഉല്പാദനം യഥാക്രമം 45 ശതമാനം, 85 ശതമാനം എന്നിങ്ങനെ കുറയ്ക്കാനിടയുണ്ടെന്നാണ് കുവോ അറിയിച്ചത്.
നിലവിൽ ആഗോള തലത്തിൽ വിറ്റഴിക്കുന്ന ഐഫോണുകളിൽ 14 ശതമാനവും ഇന്ത്യയിൽ നിർമിക്കുന്നവയാണ്. 2024 ഓടു കൂടി ഇത് 25 ശതമാനം വരെ ഉയരാനിടയുണ്ടെന്ന് കുവോ കൂട്ടിച്ചേർത്തു.

