തൊഴിലാളി ക്ഷേമം; ആഗോള റാങ്കിംഗിൽ രണ്ടാം സ്ഥാനം നേടി ഇന്ത്യ

ന്യൂഡൽഹി: തൊഴിലാളി ക്ഷേമവുമായി ബന്ധപ്പെട്ട് നേട്ടവുമായി ഇന്ത്യ. തൊഴിലാളി ക്ഷേമം സംബന്ധിച്ച സർവ്വെയിൽ ഇന്ത്യ ആഗോള റാങ്കിംഗിൽ രണ്ടാം സ്ഥാനം നേടി. തുർക്കിയാണ് ഒന്നാം സ്ഥാനത്തുള്ളത്. മക്കിൻസി ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ സർവ്വേയിൽ ഏറ്റവും പിന്നിലുള്ളത് ജപ്പാനാണ്. തൊഴിലാളികളുടെ ശാരീരികവും മാനസികവും സാമൂഹികവും ആത്മീയവുമായ ആരോഗ്യം വിലയിരുത്തിയാണ് മക്കിൻസി ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് തൊഴിലാളികളുടെ ക്ഷേമം സംബന്ധിച്ച പട്ടിക തയ്യാറാക്കിയത്.

മക്കിൻസി ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് 30 രാജ്യങ്ങളിലായി വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന 30,000 ത്തിൽ അധികം ആളുകൾക്കിടയിൽ സർവ്വെ നടത്തിയാണ് ഫലം പുറത്തുവിട്ടത്. 78 ശതമാനമാണ് സർവ്വേയിൽ തുർക്കിയുടെ സ്‌കോർ. 76 ശതമാനമാണ് ഇന്ത്യയുടെ സ്‌കോർ. 75 ശതമാനമാണ് ചൈനയുടെ സ്‌കോർ. സ്‌കോർ 25 ശതമാനം മാത്രമാണ് ജപ്പാന്റെ സ്‌കോറെന്നും സർവ്വേ വ്യക്തമാക്കുന്നു.

മക്കിൻസിയുടെ റിപ്പോർട്ട് പ്രകാരം ജോലി സ്ഥലത്ത് നല്ല അനുഭവങ്ങളുള്ള തൊഴിലാളികളുടെ ആരോഗ്യവും മെച്ചപ്പെട്ടതാണ്. അവർക്ക് പുതിയ ആശയങ്ങൾ കൊണ്ടുവരാനും നല്ല പ്രകടനം കാഴ്ച വെയ്ക്കാനും കഴിയുന്നുവെന്ന് മക്കിൻസി സർവ്വെ ചൂണ്ടിക്കാട്ടുന്നു. ജീവനക്കാരുടെ ശാരീരികവും മാനസികവും സാമൂഹികവും ആത്മീയവുമായ ആരോഗ്യത്തെ തൊഴിലുടമകൾ സ്വാധീനിക്കുന്നുവെന്നും സർവ്വേ വിശദമാക്കുന്നു.