ന്യൂഡൽഹി: സ്വവർഗ്ഗ വിവാഹത്തിന് നിയമസാധുത നൽകാനാകില്ലെന്ന സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകി ഹർജിക്കാർ. അഞ്ചംഗ ഭരണഘടന ബഞ്ചിന്റെ വിധിക്കെതിരെയാണ് പുനഃപരിശോധന ഹർജി നൽകിയത്. കഴിഞ്ഞ ദിവസമാണ് സ്വവർഗ്ഗ വിവാഹത്തിന് നിയമസാധുത നൽകണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയത്.
സ്വവർഗ്ഗ വിവാഹം മൗലിക അവകാശമല്ലെന്ന് അഞ്ചംഗ ഭരണഘടന ബഞ്ച് ഏകകണ്ഠമായി വിധിക്കുകയായിരുന്നു. കുട്ടികളെ ദത്തെടുക്കാനും സ്വവർഗ്ഗ പങ്കാളികൾക്ക് അവകാശമുണ്ടാകില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. സ്ത്രീപുരുഷ വിവാഹങ്ങൾക്ക് മാത്രം അംഗീകാരം നൽകുന്ന പ്രത്യേക വിവാഹ നിയമത്തിലെ നാലാം വകുപ്പ് ഭരണഘടന വിരുദ്ധമല്ലെന്നും 3-2 ഭൂരിപക്ഷത്തിൽ കോടതി വിധി പുറപ്പെടുവിച്ചു.
സ്വവർഗ്ഗ പങ്കാളികൾ ഒന്നിച്ചു ജീവിക്കുന്നതിന് തടസ്സമില്ല. എന്നാൽ ഇത് മൗലിക അവകാശമായി അംഗീകരിച്ച് നിയമസാധുത നൽകാനാവില്ലെന്നായിരുന്നു കോടതി വിധിച്ചത്.

