കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പുകേസ്; കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്‌സ്‌മെന്റ്

കൊച്ചി: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പുകേസിലെ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കലൂർ പിഎംഎൽഎ കോടതിയിലാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്. ഇഡി കുറ്റപത്രം കൊണ്ടുവന്നത് ആറ് പെട്ടികളിലായാണ്. പതിമൂവായിരത്തോളം പേജുകളുള്ള കുറ്റപത്രത്തിൽ 55 പ്രതികളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

കൂടുതൽ പണം തട്ടിയതായി കണ്ടെത്തിയിരിക്കുന്നത് ഏജന്റായിരുന്ന ബിജോയ് ആണ്. ഇയാളെയാണ് കുറ്റപത്രത്തിൽ ഒന്നാംപ്രതിയായി ഒന്നാം പ്രതിയായി ചേർത്തിരിക്കുന്നത്. ബിജോയിയുടെ സ്ഥാപനങ്ങളേയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇ.ഡി. അറസ്റ്റ് ചെയ്ത സതീഷ്, ജിൽസ്, കിരൺ, സിപിഎമ്മിന്റെ കൗൺസിലറായ അരവിന്ദാക്ഷൻ തുടങ്ങിയ പേരുകൾ ഉൾപ്പെടുത്തിയാണ് ആദ്യഘട്ട കുറ്റപത്രം തയ്യാറാക്കിയത്.

ബാങ്കിന്റെ ഭരണസമിതിയിൽ ഉണ്ടായിരുന്നവർ, കേസുമായി ബന്ധപ്പെട്ട് നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തവർ എന്നിവരും പ്രതിപ്പട്ടികയിൽ ഉൾപ്പെടുന്നു. കേസുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിലുള്ള നാല് പേരെ മാത്രമാണ് ഇ.ഡി. ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. അടുത്ത ഘട്ടത്തിൽ എ സി മൊയ്തീൻ ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള അന്വേഷണം ഇ ഡി നടത്തും.