ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിക്കണം; സുപ്രിംകോടതിയെ സമീപിച്ച് തമിഴ്നാട് സർക്കാർ

ന്യൂഡൽഹി: ബില്ലുകൾ പാസാക്കാത്ത ഗവർണർ ആർ എൻ രവിയുടെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് തമിഴ്‌നാട് സർക്കാർ. ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിക്കണമെന്ന് വ്യക്തമാക്കിയാണ് സർക്കാർ ഹർജി സമർപ്പിച്ചിരിക്കുന്നത്. 12 ബില്ലുകളിലാണ് ഗവർണർ ഇപ്പോൾ തീരുമാനമെടുക്കാതെ വെച്ചിരിക്കുന്നത്.

ഇക്കാര്യത്തിൽ സുപ്രീം കോടതിയുടെ ഇടപെടൽ ഉണ്ടാകണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല, ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് സമയപരിധി നിശ്ചയിക്കണമെന്നും ഹർജിയിൽ സർക്കാർ ആവശ്യപ്പെടുന്നു. സംസ്ഥാന സർക്കാറിനെതിരെ രാഷ്ട്രീയ എതിരാളിയെ പോലെയാണ് ഗവർണർ പെരുമാറുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

നിയമസഭ പാസാക്കുന്ന ബില്ലുകൾ, നിയമന ഉത്തരവുകൾ, സർക്കാർ നയങ്ങൾ എന്നിവയിലൊന്നിലും ഒപ്പുവയ്ക്കാത്ത ഗവർണറുടെ നടപടി ഏകപക്ഷീയവും ഭരണഘടന വിരുദ്ധവുമാണെന്നാണ് ഹർജിയിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്.