ഇസ്രയേൽ അനുകൂല പോസ്റ്റിട്ടു; കുവൈത്തിൽ രണ്ടു മലയാളി നഴ്‌സുമാർക്കെതിരെ നടപടി

ന്യൂഡൽഹി: കുവൈത്തിൽ രണ്ടു മലയാളി നഴ്‌സുമാർക്കെതിരെ നടപടിയുണ്ടായിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു വിദേശകാര്യ മന്ത്രാലയം. ഇസ്രയേൽ അനുകൂല പോസ്റ്റിട്ടതിനാണ് നഴ്‌സുമാർക്കെതിരെ നടപടിയുണ്ടായത്. ഒരു നഴ്‌സിനെ പുറത്താക്കിയെന്നും മറ്റൊരാളെ പുറത്താക്കാൻ നടപടി സ്വീകരിക്കുന്നുവെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ വ്യക്തമാക്കി. വിദേശരാജ്യങ്ങളിൽ സമൂഹമാധ്യമങ്ങളിലുള്ള നിയന്ത്രണം കണക്കിലെടുത്ത് ഇത്തരം പോസ്റ്റുകളിടുന്നതിൽ മാർഗനിർദേശം പുറത്തിറക്കാൻ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

കളമശേരി ബോംബ് സ്‌ഫോടനത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. സംഭവത്തിൽ മതം മാത്രം ചർച്ചയാക്കാതെ സുരക്ഷയെക്കുറിച്ചു മുഖ്യമന്ത്രി സംസാരിക്കണം. സംസ്ഥാനത്തു പൊതുസ്ഥലങ്ങളിൽ നിരപരാധികൾ കൊല്ലപ്പെടുന്ന സാഹചര്യം ആവർത്തിക്കുന്നു. ട്രെയിനുകളിലും പ്രാർഥനാലയത്തിലും ആളുകൾ ആക്രമിക്കപ്പെടുന്നു. മതമേതായാലും വിദ്വേഷം കൊണ്ടുനടക്കുന്ന ആർക്കും ആരേയും അപായപ്പെടുത്താമെന്ന അവസ്ഥ നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് മതധ്രുവീകരണം ലക്ഷ്യംവച്ചുള്ള പരാമർശങ്ങൾ പിണറായി വിജയൻ നടത്തുന്നത്. സംസ്ഥാനത്ത് ആഭ്യന്തരവകുപ്പ് സമ്പൂർണ പരാജയമാണ്. പൊലീസ്-ഇൻറലിജൻസ് സംവിധാനം പൂർണമായും തകർന്നു. ഐക്യത്തെക്കുറിച്ചു മാത്രം പിണറായി വിജയൻ വിശദീകരിച്ചാൽ പോരായെന്നും ജനങ്ങളുടെ സ്വത്തിനും ജീവനും എന്തു സുരക്ഷയാണ് ഒരുക്കുന്നത് എന്ന് ജനങ്ങളോടു പറയണമെന്നും വി മുരളീധരൻ ആവശ്യപ്പെട്ടു.