ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ ആരോപണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അദാനിക്ക് വേണ്ടി കേന്ദ്രം ഫോൺ ചോർത്തുന്നുവെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.
തന്റെ ഓഫീസിലുള്ളവർക്കും കെസി വേണുഗോപാലിനും പ്രതിപക്ഷ നേതാക്കൾക്കും ഫോൺ ചോർത്തൽ സംബന്ധിച്ച് സന്ദേശം ലഭിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഐഫോണുകളിലാണ് സന്ദേശം കിട്ടിയത്. അദാനിക്ക് വേണ്ടിയാണ് കേന്ദ്രസർക്കാർ ഇത് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യൻ രാഷ്ട്രീയത്തിൽ അദാനി ഒന്നാം സ്ഥാനത്തായി. മോദി രണ്ടാമതും, അമിത് ഷാ മൂന്നാമനുമായി. വിമാനത്താവളങ്ങളും, വ്യവസായങ്ങളുമെല്ലാം അദാനിക്ക് തീറെഴുതി. ഭയപ്പെട്ട് പിന്നോട്ടില്ല. എത്ര വേണമെങ്കിലും ചോർത്തിക്കോളൂ ഭയമില്ലെന്നും രാഹുൽ ഗാന്ധി അറിയിച്ചു.
മോദിയുടെ ആത്മാവ് അദാനിക്കൊപ്പമാണ്. അദാനിയുടെ ജീവനക്കാരനാണ് മോദി. പെഗാസെസ് അന്വേഷണം എവിടെയും എത്താതെ പോയി. ഭയപ്പെടുത്താനുള്ള നീക്കം മാത്രമാണിത്. ക്രിമിനലുകൾ മാത്രമേ ഈ പണി ചെയ്യുകയുള്ളൂ. ഇന്ത്യ എന്ന ആശയത്തിനായുള്ള പോരാട്ടമാണ് നടത്തുന്നത് . അതിൽ ഒരു പടി മാത്രമാണ് തെരഞ്ഞെടുപ്പെന്നും ജയമോ, പരാജയമോ എന്നതല്ല പോരാട്ടുകയെന്നതാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

