കേരളത്തിലേക്ക് വന്ദേ സാധാരൺ പുഷ്പുൾ എക്‌സ്പ്രസ്; എറണാകുളം- ഗുവാഹാട്ടി റൂട്ടിൽ സർവീസ്

ചെന്നൈ: കേരളത്തിലേക്ക് വന്ദേ സാധാരൺ പുഷ്പുൾ എക്‌സ്പ്രസ് എത്തുന്നു. വന്ദേഭാരത് എക്സ്പ്രസിന് പിന്നാലെയാണ് കേരളത്തിലേക്ക് വന്ദേ സാധാരൺ പുഷ്പുൾ എക്‌സ്പ്രസ് എത്തുന്നത്. എറണാകുളം- ഗുവാഹാട്ടി റൂട്ടിൽ സർവീസ് നടത്തുമെന്നാണ് റിപ്പോർട്ട്. ട്രെയിനിന്റെ ആദ്യ റേക്ക് ഉടൻ കേരളത്തിലേക്ക് എത്തും.

വന്ദേസാധാരണിന്റെ പ്രത്യേകത ചെലവുകുറഞ്ഞ യാത്രയാണ്. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ ട്രെയിനിന്റെ പരിശീലന ഓട്ടം പൂർത്തിയായി. അഞ്ച് സർവീസുകളാണ് ആദ്യ ബാച്ചിൽ അനുവദിക്കുക. ഇതിലൊന്നാണ് കേരളത്തിനും ലഭിക്കുക. പട്ന- ന്യൂഡൽഹി, ഹൗറ- ന്യൂഡൽഹി, ഹൈദരാബാദ്- ന്യൂഡൽഹി, മുംബൈ- ന്യൂഡൽഹി റൂട്ടിലും വന്ദേ സാധാരൺ പുഷ്പുൾ എക്‌സ്പ്രസ് അനുവദിച്ചേക്കുമെന്നാണ് വിവരം.

22 കോച്ചുകളിലായി 1,834 പേർക്ക് ഒരുസമയം വന്ദ് സാധാരൺ പുഷ്പുൾ എക്‌സ്പ്രസിലൂടെ യാത്രചെയ്യാൻ കഴിയും. മണിക്കൂറിൽ 130 കിലോമീറ്ററാണ് ഇവയുടെ വേഗത. 23 റൂട്ടുകളിൽ അടുത്ത വർഷത്തോടെ വന്ദേ സാധാരൺ പുറത്തിറക്കാൻ റെയിൽവേ പദ്ധതിയിടുന്നു.