ന്യൂഡൽഹി: ഇസ്രയേലും ഹമാസും തമ്മിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് യുഎൻ പൊതുസഭയിൽ പാസാക്കിയ പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. നടപടിയിൽ ഞെട്ടലും ലജ്ജയുമുണ്ടെന്ന് പ്രയങ്കാ ഗാന്ധി പറഞ്ഞു.
വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നത് ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മുടെ രാജ്യം ഇക്കാലമത്രയും നിലകൊണ്ട എല്ലാത്തിനും എതിരാണെന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രിയങ്കാ ഗാന്ധി ഇക്കാര്യം അറിയിച്ചത്.
അഹിംസയുടെയും സത്യത്തിന്റെയും തത്ത്വങ്ങളിൽ സ്ഥാപിതമായതാണ് നമ്മുടെ രാജ്യം. നമ്മുടെ സ്വാതന്ത്ര്യസമരസേനാനികൾ അവരുടെ ജീവൻ ബലിയർപ്പിച്ച തത്ത്വങ്ങൾ, ഈ തത്വങ്ങളാണ് നമ്മുടെ ദേശീയതയെ നിർവചിക്കുന്ന ഭരണഘടനയുടെ അടിസ്ഥാനം. രാജ്യാന്തര സമൂഹത്തിലെ അംഗമെന്ന നിലയിൽ ഇന്ത്യയുടെ പ്രവർത്തനങ്ങളെ നയിച്ച ധാർമിക ധൈര്യത്തെ അവ പ്രതിനിധീകരിക്കുന്നുവെന്ന് പ്രിയങ്കാ ഗാന്ധി ചൂണ്ടിക്കാട്ടി.
മനുഷ്യരാശിയുടെ എല്ലാ നിയമങ്ങളും താറുമാറാകുമ്പോഴും ദശലക്ഷക്കണക്കിന് ആളുകൾക്ക് ഭക്ഷണം, വെള്ളം, വൈദ്യസഹായം, ആശയവിനിമയം, വൈദ്യുതി എന്നിവ വിച്ഛേദിക്കപ്പെടുമ്പോഴും പലസ്തീനിലെ ആയിരക്കണക്കിന് പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉന്മൂലനം ചെയ്യപ്പെടുമ്പോഴും നിശബ്ദമായി നോക്കിനിൽക്കുകയും പക്ഷം ചേരാൻ വിസമ്മതിക്കുകയും ചെയ്യുന്നത് ഒരു രാഷ്ട്രമെന്ന നിലയിൽ ഇത്രയും നാൾ നമ്മുടെ രാജ്യം നിലകൊണ്ട എല്ലാത്തിനും എതിരാണ്. കണ്ണിന് പകരം കണ്ണ് എന്നത് ലോകത്തെ മുഴുവൻ അന്ധരാക്കുമെന്ന മഹാത്മ ഗാന്ധിയുടെ വാക്കുകളും പ്രിയങ്കാ ഗാന്ധി പങ്കുവെച്ചു.
ജോർദാനാണ് കരട് പ്രമേയം സമർപ്പിച്ചത്. കരടിന് ബംഗ്ലാദേശ്, പാകിസ്താൻ, റഷ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ 40 രാഷ്ട്രങ്ങൾ പിന്തുണ നൽകി. 120 രാജ്യങ്ങൾ കരട് പ്രമേയത്തിൽ അനുകൂലമായി വോട്ട് ചെയ്തു. 14 അംഗങ്ങളാണ് എതിർത്ത് വോട്ട് ചെയ്തത്. ഇന്ത്യയുൾപ്പടെയുള്ള 45 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു.
ഓസ്ട്രേലിയ, കാനഡ, ജർമനി. ജപ്പാൻ, യുക്രൈൻ, യു.കെ. തുടങ്ങിയ രാജ്യങ്ങളും വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. യു.എൻ. ജനറൽ അസംബ്ലിയുടെ പത്താമത് അടിയന്തര പ്രത്യേക സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. മനുഷ്യാവകാശ പ്രവർത്തകർക്ക് ഗാസയിലേക്കുള്ള പ്രവേശനം നിഷേധിക്കരുതെന്ന ആവശ്യവും പ്രമേയത്തിൽ ഉന്നയിച്ചിട്ടുണ്ട്. ഗാസയ്ക്ക് ആവശ്യമായ മാനുഷികസഹായമെത്തിക്കണമെന്നും പ്രമേയം ആഹ്വാനം ചെയ്യുന്നുണ്ട്.
അതേസമയം, ഹമാസ് നടത്തിയ അക്രമങ്ങളെ കുറിച്ചും ബന്ദികളാക്കപ്പെട്ട നിരവധി സാധാരണക്കാരെ കുറിച്ചും പ്രമേയത്തിൽ സൂചന പോലുമില്ലെന്നും അതിനാലാണ് വിട്ടു നിൽക്കുന്നതെന്നുമാണ് ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾ വിശദമാക്കിയിരിക്കുന്നത്. പ്രമേയത്തിൽ ഹമാസ് ആക്രമണത്തെ ഒഴിവാക്കിയതിനെ അപലപിച്ച് അമേരിക്കയും രംഗത്തെത്തി.

