സുരേഷ് ഗോപിയുടെ പെരുമാറ്റം അപലപനീയം; നിയമ നടപടികൾ സ്വീകരിക്കണമെന്ന് നെറ്റ് വർക്ക് ഓഫ് വുമൺ ഇൻ മീഡിയ ഇന്ത്യ

കോഴിക്കോട്: കോഴിക്കോട്ട് മാധ്യമ പ്രവർത്തകയ്ക്ക് നേരെ ചലച്ചിത്ര നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി നടത്തിയ അപമര്യാദപരമായ പെരുമാറ്റം അങ്ങേയറ്റം അപലപനീയമാണെന്ന് വനിതാ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ നെറ്റ് വർക്ക് ഓഫ് വുമൺ ഇൻ മീഡിയ ഇന്ത്യ. ഈ പ്രവൃത്തിയെ കടുത്ത ഭാഷയിൽ അപലപിക്കുന്നുവെന്ന് സംഘടന വ്യക്തമാക്കി.

ഒരു വനിതാ റിപ്പോർട്ടറുടെ തോളിൽ കൈവെക്കുന്ന, അദ്ദേഹത്തിന്റെ ശരീര ഭാഷ അങ്ങേയറ്റം ഔദ്ധത്യം നിറഞ്ഞതും അക്രമോൽസുകവുമാണ്. സ്ത്രീകൾക്ക് എതിരായ കുറ്റകൃത്യങ്ങൾ തടയൽ നിയമ പ്രകാരം (POSH Act 2013) ഇത് കൃത്യമായും ജോലി സ്ഥലത്തെ കയ്യേറ്റമെന്ന നിലക്ക് മാത്രമേ കാണാനാവൂവെന്ന് സംഘടന ചൂണ്ടിക്കാട്ടി.

ഇത് ഗൗരവമുള്ള കുറ്റകൃത്യമായി കണ്ട് സംസ്ഥാന സർക്കാർ അടിയന്തര നിയമ നടപടികൾ സ്വീകരിക്കണമെന്ന് എൻഡബ്ല്യുഎംഐ ആവശ്യപ്പെടുന്നു. ജോലി സ്ഥലത്തെ അതിക്രമം എന്ന നിലയിൽ തന്നെ, ഷിദയുടെ തൊഴിൽ സ്ഥപനമായ മീഡിയ വൺ ഈ വിഷയത്തെ സമീപിക്കുകയും നിയമം അനുശാസിക്കുന്ന നടപടി എടുക്കുകയും വേണമെന്ന് സംഘടന കൂട്ടിച്ചേർത്തു.