സംഘർഷം; വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന യുഎൻ പ്രമേയത്തിൽ നിന്നും വിട്ടു നിന്ന് ഇന്ത്യ

ന്യൂഡൽഹി: ഇസ്രയേൽ- ഹമാസ് സംഘർഷം തുടരുന്നതിനിടയിൽ ഉടനടി വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന യു.എൻ പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. ജോർദാനാണ് കരട് പ്രമേയം സമർപ്പിച്ചത്. കരടിന് ബംഗ്ലാദേശ്, പാകിസ്താൻ, റഷ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ 40 രാഷ്ട്രങ്ങൾ പിന്തുണ നൽകി. 120 രാജ്യങ്ങൾ കരട് പ്രമേയത്തിൽ അനുകൂലമായി വോട്ട് ചെയ്തു. 14 അംഗങ്ങളാണ് എതിർത്ത് വോട്ട് ചെയ്തത്. ഇന്ത്യയുൾപ്പടെയുള്ള 45 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു.

ഓസ്ട്രേലിയ, കാനഡ, ജർമനി. ജപ്പാൻ, യുക്രൈൻ, യു.കെ. തുടങ്ങിയ രാജ്യങ്ങളും വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. യു.എൻ. ജനറൽ അസംബ്ലിയുടെ പത്താമത് അടിയന്തര പ്രത്യേക സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. മനുഷ്യാവകാശ പ്രവർത്തകർക്ക് ഗാസയിലേക്കുള്ള പ്രവേശനം നിഷേധിക്കരുതെന്ന ആവശ്യവും പ്രമേയത്തിൽ ഉന്നയിച്ചിട്ടുണ്ട്. ഗാസയ്ക്ക് ആവശ്യമായ മാനുഷികസഹായമെത്തിക്കണമെന്നും പ്രമേയം ആഹ്വാനം ചെയ്യുന്നുണ്ട്.

അതേസമയം, ഹമാസ് നടത്തിയ അക്രമങ്ങളെ കുറിച്ചും ബന്ദികളാക്കപ്പെട്ട നിരവധി സാധാരണക്കാരെ കുറിച്ചും പ്രമേയത്തിൽ സൂചന പോലുമില്ലെന്നും അതിനാലാണ് വിട്ടു നിൽക്കുന്നതെന്നുമാണ് ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾ വിശദമാക്കിയിരിക്കുന്നത്. പ്രമേയത്തിൽ ഹമാസ് ആക്രമണത്തെ ഒഴിവാക്കിയതിനെ അപലപിച്ച് അമേരിക്കയും രംഗത്തെത്തി.