പണം മാത്രമാണു മുഖ്യമന്ത്രി പിണറായി വിജയന്റെ ലക്ഷ്യം; കെ സുധാകരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പണം മാത്രമാണു മുഖ്യമന്ത്രി പിണറായി വിജയന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

നാട്ടിലെ ജനങ്ങളോ നാടിന്റെ പുരോഗതിയോ വികസനമോ അല്ല പിണറായി വിജയന്റെ ലക്ഷ്യമെന്നും തനിക്കും തന്റെ കുടുംബത്തിനും പണം വേണമെന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. നാണംകെട്ടും പണമുണ്ടാക്കുന്ന മനുഷ്യനാണ് പിണറായി വിജയൻ. ഉളുപ്പ്, നാണം, മാനം ഇത് മൂന്നുമില്ലാത്ത മുഖ്യമന്ത്രി ഇന്ത്യയിൽ വേറെയുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു.

ഇത്രയും പക്ഷപാതപരമായ ഇടതുപക്ഷത്തിന്റെ ഭരണം കേരളത്തിൽ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ. ഇതിനുമുൻപും ഇടതുപക്ഷ സർക്കാരുണ്ടായിട്ടുണ്ട്. ഇതുപോലെ തങ്ങളാരും അന്ന് പ്രതികരിച്ചിട്ടില്ല. ഈ സർക്കാർ കാണിച്ച തെറ്റുകൾ, കുറ്റങ്ങൾ ആ സർക്കാരുകൾ കാണിച്ചിട്ടില്ല. വൈദ്യർക്കാണ് ഇവിടെ ഭ്രാന്ത്, പിന്നെ ആര് ചികിത്സിക്കും. നിയമലംഘനങ്ങൾ, അഴിമതികൾ, ഭരണപരാജയങ്ങൾ, ഇതിനെല്ലാം മുൻപിൽ കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.