തിരുവനന്തപുരം: സംസ്ഥാനത്ത് ബസുകളിൽ സീറ്റ് ബെൽറ്റ് ഘടിപ്പിക്കുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി ഗതാഗത മന്ത്രി ആന്റണി രാജു. ബസുകളിൽ സീറ്റ് ബെൽറ്റുകൾ ഘടിപ്പിക്കാനുള്ള നിർദ്ദേശം എഐ ക്യാമറ ഘടിപ്പിച്ച ഘട്ടത്തിൽ തന്നെ ബസുടമകൾക്ക് നൽകിയതാണെന്ന് ആന്റണി രാജു വ്യക്തമാക്കി.
1994 മുതൽ നിലവിലുള്ള നിയമമമാണ്. കേന്ദ്ര നിയമമാണിത്. സ്വകാര്യ ബസുടമകളുടെ ആവശ്യം പരിഗണിച്ച് അതിന് രണ്ട് മാസം സമയം നീട്ടി നൽകിയതാണെന്നും അദ്ദേഹം അറിയിച്ചു. നവംബർ 31 ന് സ്വകാര്യ ബസ് പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഗതാഗത മന്ത്രി ഇതുസംബന്ധിച്ച പ്രതികരണം നടത്തിയത്.
ബസുകളിൽ ക്യാമറ വേണമെന്നത് ബസുടമകൾ തന്നെ ആവശ്യപ്പെട്ട കാര്യമാണ്. ആദ്യം രണ്ട് മാസം സമയം തേടിയപ്പോൾ അത് നൽകി. ഗുണനിലവാരമുള്ള ക്യാമറകൾ കിട്ടാനില്ലെന്ന് പറഞ്ഞ് വീണ്ടും 7-8 മാസം അധിക സമയം നൽകി. ഇപ്പോൾ അവിചാരിതമായി അവർ തന്നെ സമരം പ്രഖ്യാപിക്കുകയാണ്. ക്യാമറ വെക്കണമെന്ന നിർദ്ദേശം ഉയർന്നത് ബസ് ജീവനക്കാരെ കള്ളക്കേസിൽ പെടുത്തുന്നുവെന്ന പരാതിയെ തുടർന്നാണെന്നും അദ്ദേഹം പറഞ്ഞു.
അപകടങ്ങളുടെ യഥാർത്ഥ കാരണം ക്യാമറകളിലൂടെ കണ്ടെത്താനാവുന്നുണ്ട്. സ്വിഫ്റ്റ് ബസുകളിൽ ക്യാമറ ദൃശ്യങ്ങൾ വഴി അപകടങ്ങളിൽ ആരുടെ ഭാഗത്താണ് തെറ്റെന്ന് കണ്ടെത്താൻ കഴിഞ്ഞുവെന്നും ആന്റണി രാജു വിശദീകരിച്ചു.

