ന്യൂഡൽഹി: ഖത്തറിൽ തടവിലായ എട്ട് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചതിൽ പ്രതികരണവുമായി ഇന്ത്യ. തീരുമാനം ഞെട്ടിപ്പിക്കുന്നതെന്ന് ഇന്ത്യ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുന്നതായും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.
വിഷയം ഖത്തറുമായി സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഓഗസ്റ്റിലാണ് ഖത്തർ നാവികസേനയ്ക്ക് പരിശീലനം നൽകുന്ന കമ്പനിയിലുള്ള ഇന്ത്യൻ നാവികരെ അറസ്റ്റു ചെയ്തത്. ഇവർ അൽദഹ്‌റ എന്ന പേരുള്ള കമ്പനിയിലേക്കാണ് ജോലി ചെയ്യാൻ പോയത്. ഖത്തർ നാവിക സേനക്ക് പരിശീലനം നൽകുകയും ഇതോടൊപ്പം മറ്റ് അനുബന്ധ ഉപകരണങ്ങളും നൽകുന്ന കമ്പനിയാണ് അൽദഹ്‌റ. ഈ കമ്പനിയിലേക്ക് പോയവരെയാണ് അറസ്റ്റ് ചെയ്തത്.
എന്നാൽ എന്തിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് വ്യക്തമായിരുന്നില്ല. എന്തൊക്കെയാണ് ഇവർക്കെതിരെ ചുമത്തിയ വകുപ്പുകൾ എന്നതിനെ കുറിച്ചും കൃത്യമായ വിവരങ്ങൾ ലഭിച്ചിരുന്നില്ല. തടവിലായ ഉദ്യോഗസ്ഥർക്ക് 60 വയസ്സിന് മുകളിലാണ് പ്രായമെന്നാണ് വിവരം.

