ഇന്ത്യയിലെ പൂജ രാജ്യത്തിന് മാത്രമല്ല ലോക സൗഖ്യത്തിനും കൂടി വേണ്ടി; പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയിൽ ആയുധങ്ങൾ ആരാധിക്കുന്നത് ഒരു ഭൂമിയിലും ആധിപത്യം സ്ഥാപിക്കാനല്ലെന്നും പകരം സ്വന്തം രാജ്യത്തെ സംരക്ഷിക്കാനാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ പൂജ രാജ്യത്തിന് മാത്രമല്ല ലോക സൗഖ്യത്തിനും കൂടി വേണ്ടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡൽഹിയിൽ ദസറ ആഘോഷപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയോധ്യയിലെ രാമക്ഷേത്രം മാസങ്ങൾക്കുള്ളിൽ പൂർത്തിയാക്കും. ലോകത്തിന് ശാന്തി പകരുന്നതാകും അയോദ്ധ്യയിലെ രാംലല്ല ക്ഷേത്രം. നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം ഉയരുന്ന രാമക്ഷേത്രം ഭാരതീയരുടെ ധൈര്യത്തിന്റെയും വിജയത്തിന്റെയും പ്രതീകമാണെന്നും മോദി അറിയിച്ചു.

ജാതിയുടെയും പ്രാദേശിക വാദത്തിന്റെയും പേരിൽ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന ശക്തികളെ തുരത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. രാജ്യത്തെ ജാതിയുടെ പേരിൽ ചിലർ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു. അത്തരം ശക്തികളെ ചെറുത്ത് തോൽപ്പിക്കണം. രാവണ ദഹനത്തിന് സമാനമായി അത്തരം ശക്തികളെയും ഭസ്മമാക്കണം. അതിനായി ഓരോരുത്തരും മുന്നിട്ടിറങ്ങണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.