കൊളംബോ: ഇന്ത്യൻ പൗരൻമാർക്ക് ശ്രീലങ്ക സന്ദർശിക്കാൻ ഇനി വിസ ഫീസ് നൽകേണ്ടതില്ല. ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് ഫ്രീ വിസ അനുവദിക്കുമെന്ന് ശ്രീലങ്കൻ സർക്കാർ പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. ഇന്ത്യ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് സൗജന്യ വിസ അനുവദിക്കാനാണ് തീരുമാനം. ഇന്ത്യയ്ക്ക് പുറമെ ചൈന, റഷ്യ, മലേഷ്യ, ജപ്പാൻ, ഇന്തോനേഷ്യ, തായ്ലാൻഡ് എന്നീ രാജ്യങ്ങൾക്കാണ് സൗജന്യ വിസ അനുവദിച്ചിരിക്കുന്നത്.
ഉടൻ തന്നെ മന്ത്രിസഭാ തീരുമാനം പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്. നിലവിൽ മാർച്ച് 31 വരെയാണ് സൗജന്യ വിസയ്ക്ക് അനുമതി നൽകുക. രാജ്യത്തേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടൂറിസം വകുപ്പ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്.
വിസ സൗജന്യമാകുന്നതോടെ കൂടുതൽ പേർ ശ്രീലങ്ക സന്ദർശിക്കുമെന്നും അതുവഴി വിനോദസഞ്ചാര മേഖല കൂടുതൽ സജീവമാകുമെന്നുമാണ് ശ്രീലങ്ക പ്രതീക്ഷിക്കുന്നത്. ശ്രീലങ്കൻ വിസയ്ക്ക് പണം നൽകാതെ ഓൺലൈനിൽ അപേക്ഷ നൽകാം. അപേക്ഷ ൽകിയവർക്ക് വിമാനത്താവളത്തിൽ ഓൺ അറൈവൽ വിസ സ്വീകരിക്കാനും സൗകര്യം ഉണ്ടാകും.

