കൊച്ചി: പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തെ കുറിച്ച് പ്രതികരണവുമായി നടൻ വിനായകൻ. തന്നെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് അറിയില്ലെന്ന് വിനായകൻ പറഞ്ഞു. എന്തെങ്കിലും അറിയണമെങ്കിൽ പോലീസിനോട് നേരിട്ട് ചോദിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
താനൊരു പരാതി കൊടുക്കാൻ പോയതാണ്. തന്നെക്കുറിച്ച് എന്തും പറയാമല്ലോ. താനൊരു ഒരു പെണ്ണുപിടിയനാണെന്നും അവർക്ക് പറയാമല്ലോയെന്നും വിനായകൻ അറിയിച്ചു.
ഇന്നലെ നടൻ വിനായകനെ എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മദ്യപിച്ചെത്തി പോലീസ് സ്റ്റേഷനിൽ ബഹളം വെച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ്. മദ്യപിച്ചാണ് വിനായകൻ പോലീസ് സ്റ്റേഷനിൽ എത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കുകയായിരുന്നുവെന്നും ഇതേതുടർന്നാണ് നടനെ അറസ്റ്റ് ചെയ്തതെന്നും പോലീസ് വ്യക്തമാക്കി. പോലീസ് സ്റ്റേഷന്റെ പ്രവർത്തനം തടസപ്പെടുത്തിയെന്നാണ് വിനായകനെതിരെയുള്ള കേസ്.
ഭാര്യയുമായി വഴക്കുണ്ടായതിനെ തുടർന്ന് വിനായകൻ പോലീസിനെ കലൂരിനടുത്തുള്ള തന്റെ ഫ്‌ളാറ്റിലേക്ക് വിളിച്ച് വരുത്തിയിരുന്നു. ഇതിന് മുൻപും സമാനമായ സംഭവത്തെ തുടർന്ന് വിനായകൻ പോലീസിനെ ഫ്‌ളാറ്റിലേക്ക് വരുത്തിയിട്ടുണ്ട്. ഇത്തവണ ഫ്‌ളാറ്റിലെത്തിയ പോലീസ് ഇരുവരുടെയും മൊഴിയെടുത്തു. എന്നാൽ അതിൽ തൃപ്തനാകാതെ വിനായകൻ പോലീസിനെ പിന്തുടർന്ന് സ്റ്റേഷനിലെത്തി.
പോലീസ് സംഘത്തിലെ വനിതാ ഉദ്യോഗസ്ഥ ആരാണെന്നറിയാൻ വേണ്ടിയാണ് വിനായകൻ ബഹളം വച്ചതെന്ന് പോലീസ് പറയുന്നു. സ്റ്റേഷിൽ വച്ച് പുകവലിച്ച വിനായകനെ കൊണ്ട്. പോലീസ് പിഴയടപ്പിച്ചു. തുടർന്ന് ഇയാൾ എസ്.ഐയോട് കയർക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും പോലീസ് ആരോപിക്കുന്നു.
വിനായകൻ മദ്യപിച്ചിട്ടുണ്ടെന്ന് സംശയം തോന്നിയ പോലീസ് അദ്ദേഹത്തെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയിൽ മദ്യപിച്ചിട്ടുണ്ടെന്ന് തെളിഞ്ഞതോടെയാണ് വിനായകന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് വിനായകനെ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.

