ന്യൂഡൽഹി: ഡൽഹിയിൽ വായുഗുണനിലവാരം ഗണ്യമായി കുറഞ്ഞു. 266 ആണ് ഇന്ന് ഡൽഹിയിലെ കർത്തവ്യ പഥിൽ രേഖപ്പെടുത്തിയ വായുവിന്റെ ഗുണനിലവാരം. ഇന്ദിരാഗാന്ധി അന്തർ ദേശീയ വിമാനത്താവളത്തിൽ വായുവിന്റെ ഗുണനിലവാരം 276 ആയി. കീർത്തി നഗറിൽ വായു ഗുണനിലവാരം 362 ആയി താഴുകയും ചെയ്തു. ശൈത്യം ആരംഭിച്ചതോടെയാണ് വായുഗുണനിലവാരം കുറഞ്ഞത്.
വായു മലിനീകരണം കുറയ്ക്കാൻ വരും ദിവസങ്ങളിൽ ശക്തമായ നിയന്ത്രണങ്ങൾ നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു. ഡൽഹിയിൽ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ II പ്രകാരം കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങാനാണ് കേന്ദ്ര എയർ ക്വാളിറ്റി പാനൽ ഡൽഹി സർക്കാരിന് നൽകിയിരിക്കുന്ന നിർദ്ദേശം.
വാഹനങ്ങളിൽ നിന്ന് ഉയരുന്ന പുകയാണ് ഡൽഹിയിലെ മലിനീകരണത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന്. ഒമ്പത് ദശലക്ഷം വാഹനങ്ങൾ നഗരത്തെ വിഷ വലയത്തിൽ ആക്കുന്നു. അതുകൊണ്ട് സ്വകാര്യ ഗതാഗതം അടിയന്തരമായി നിരുത്സാഹപ്പെടുത്താനാണ് കേന്ദ്ര എയർ ക്വാളിറ്റി പാനൽ നിർദ്ദേശിച്ചിരിക്കുന്നത്. പാർക്കിഗ് ഫീസ് ഉയർത്തിയും ഇലക്ട്രിക് ബസുകൾ, മെട്രോ ട്രെയിനുകൾ എന്നിവയുടെ സേവനങ്ങൾ വർദ്ധിപ്പിക്കാനും നിർദ്ദേശമുണ്ട്. ആവശ്യമെങ്കിൽ രജിസ്ട്രേഷൻ നമ്പറുകളിലെ ഒറ്റ ഇരട്ട സംഖ്യകൾ പ്രകാരം മാത്രം നിരത്തുകളിൽ വാഹനങ്ങൾക്ക് അനുമതി നൽകാവൂവെന്നും പാനൽ അറിയിച്ചു.

