സംസ്ഥാനത്തെ പല ആശുപത്രികളിലും ഗുണനിലവാരമില്ലാത്ത മരുന്നുകൾ വിതരണം ചെയ്തു; വി ഡി സതീശൻ

കൊച്ചി: സംസ്ഥാനത്തെ പല ആശുപത്രികളിലും ഗുണനിലവാരമില്ലാത്ത മരുന്നുകൾ വിതരണം ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചില മരുന്നുകൾ പരിശോധിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എറണാകുളത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെഡിക്കൽ സർവീസസ് കോർപറേഷനിലെ സിഎജി റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. ഗുണനിലവാര പരിശോധനയിൽ ഗുരുതരമായ അലംഭാവമാണ്. ചാത്തൻ മരുന്നുകൾ സുലഭമായിരിക്കുകയാണ്. പർച്ചേസിന് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി വിണ ജോർജും അംഗീകാരം നൽകിയെന്നും അദ്ദേഹം അറിയിച്ചു.

രോഗികൾക്ക് ജീവഹാനി വരുത്തുന്ന രീതിയിലാണ് പണം തട്ടിയത്. കൊള്ളയാണ് നടക്കുന്നത്. ഇരുപത്തിയാറ് ആശുപത്രികൾക്ക് കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തു. മരുന്ന് കൊളളയിൽ മുഖ്യമന്ത്രി പ്രതികരിക്കണം. 1610 ബാച്ച് മരുന്നുകൾക്ക് കാലാവധി നിബന്ധന പാലിക്കപ്പെട്ടില്ല. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ാസപ്പടി വിവാദത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടന്നോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കള്ളപ്പണം വെളുപ്പിച്ചെന്ന വിഷയമാണ് പ്രധാനം. മാത്യു കുഴൽനാടൻ എംഎൽഎ പാർട്ടി നിർദേശപ്രകാരമാണ് ഇടപെട്ടതെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.