നൂറ് യൂണിറ്റ് വരെ സൗജന്യ വൈദ്യുതി; മദ്ധ്യപ്രദേശിൽ പ്രകടനപത്രിക പുറത്തിറക്കാൻ കോൺഗ്രസ്

ഭോപ്പാൽ: മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രകടനപത്രിക പുറത്തിറക്കാൻ കോൺഗ്രസ്. നൂറ് യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, വനിതകൾക്ക് മാസം 1500 രൂപയുടെ ധനസഹായം തുടങ്ങിയ വാഗ്ദാനങ്ങളാണ് കോൺഗ്രസ് മുന്നോട്ടുവെച്ചിരിക്കുന്നത്. 500 രൂപയ്ക്ക് എൽപിജി സിലിണ്ടർ എന്ന വാഗ്ദാനവും കോൺഗ്രസ് മുന്നോട്ടുവെയ്ക്കുന്നുണ്ട്.

‘വചൻ പത്രിക’ എന്ന പേരിലാണ് കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കുന്നത്. മദ്ധ്യപ്രദേശിലെ കോൺഗ്രസ് അദ്ധ്യക്ഷൻ കമൽ നാഥ്, എഐസിസി ജനറൽ സെക്രട്ടറി റൺന്ദീപ് സുർജേവാല എന്നിവർ ചേർന്നാണ് പ്രകടന പത്രിക പുറത്തിറക്കുക. സംസ്ഥാനത്ത് ജാതി സെൻസസ് നടപ്പാക്കുകയെന്നതാണ് പ്രകടനപത്രികയിൽ മുന്നോട്ടുവയ്ക്കുന്ന പ്രധാന വാഗ്ദാനം.

വാർദ്ധക്യ പെൻഷൻ, കാർഷിക കടങ്ങൾ എഴുതി തള്ളുക, വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പുകൾ, ഒന്ന് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് മാസം 500 രൂപ ധനസഹായം, ഒൻപത്, പത്ത് ക്ലാസ് വിദ്യാർത്ഥികൾക്ക് 1000 രൂപ, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ് വിദ്യാർത്ഥികൾക്ക് 1500 ധനസഹായം എന്നീ വാഗ്ദാനങ്ങളും കോൺഗ്രസ് പ്രകടനപത്രികയിലുണ്ടെന്നാണ് റിപ്പോർട്ട്.