തിരുവനന്തപുരം: കേരളീയം പരിപാടിക്കായി സംസ്ഥാന സർക്കാർ ചെലവാക്കുന്നത് 27.12 കോടി രൂപ. ധനവകുപ്പ് തുക അനുവദിച്ച് ഉത്തരവ് പുറത്തിറക്കി.
സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് സർക്കാർ കേരളീയം പരിപാടിയ്ക്കായി ഇത്രയധികം തുക ചെലവഴിക്കുന്നത്. സ്‌പോൺസർഷിപ്പിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ ഇതുവരെയുള്ള നേട്ടങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളീയം-2023 പരിപാടി സംഘടിപ്പിക്കുന്നത്.
അതേസമയം, കേരളീയത്തിന്റെ ഭാഗമായ മെഗാ ഓൺലൈൻ ക്വിസിൽ സർക്കാർ ജീവനക്കാർക്കും രജിസ്റ്റർ ചെയ്തു പങ്കെടുക്കാം. കേരളീയം വെബ്‌സൈറ്റിലൂടെയും (keraleeyam.kerala.gov.in) ക്യൂആർ കോഡ് സ്‌കാൻ ചെയ്തും രജിസ്‌ട്രേഷൻ പൂർത്തിയാക്കാം. ഒക്ടോബർ 19ന് വൈകിട്ട് 7.30ന് നടക്കുന്ന മത്സരത്തിനായുള്ള രജിസ്‌ട്രേഷൻ ഇതിനോടകം 40000 പിന്നിട്ടു. ക്വിസിൽ പങ്കെടുക്കുന്നതിനായി ഒക്ടോബർ 18 ഉച്ചയ്ക്കു രണ്ടുമണി വരെ രജിസ്‌ട്രേഷൻ നടത്താം.
കേരളം നാളിതുവരെ നേടിയ നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാനസർക്കാർ ഒരുക്കുന്ന കേരളീയം പരിപാടിയുടെ ഭാഗമാണ് മെഗാ ഓൺലൈൻ ക്വിസ് മത്സരം. പ്രായഭേദമെന്യേ ലോകത്തുള്ള എല്ലാ മലയാളികൾക്കും ഓൺലൈൻ ക്വിസ് മത്സരത്തിൽ പങ്കെടുക്കാം. ഓൺലൈൻ ക്വിസ് മത്സരത്തിലെ വിജയികൾക്ക് തിരുവനന്തപുരത്ത് ഓഫ് ലൈനായി നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്ത് ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസ് അടക്കമുള്ള ആകർഷകമായ സമ്മാനങ്ങൾ നേടാം. രജിസ്റ്റർ ചെയ്യുന്നവർക്ക് മോക്ക് ടെസ്റ്റിന് അവസരമുണ്ട്. വിശദാംശങ്ങൾ കേരളീയം വെബ്‌സൈറ്റിൽ ലഭ്യമാണ്.

