കാൻബറ: ആസ്‌ട്രേലിയൻ ദേശീയ പാർലമന്റിൽ നടൻ മമ്മൂട്ടിയ്ക്ക് ആദരം. കാൻബറയിലെ ആസ്‌ട്രേലിയൻ ദേശീയ പാർലമെന്റിലെ ‘പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ’ ആയിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം പേഴ്സണലൈസ്ഡ് സ്റ്റാമ്പുകൾ ആസ്‌ട്രേലിയ ഇന്ത്യ ബിസിനസ് കൗൺസിലിന്റെ സഹകരണത്തോടെ പുറത്തിറക്കുന്നതിന്റെ ഉദ്ഘാടനവും പാർലമെന്റ് ഹൗസ് ഹാളിൽ നടന്നു.
ആസ്‌ട്രേലിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ മൻപ്രീത് വോറയ്ക്കു ആദ്യ സ്റ്റാമ്പ് കൈമാറി പ്രധാനമന്ത്രി ആന്റണി ആൽബനീസിയുടെ പ്രതിനിധിയും പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യയുടെ ചെയർമാൻ ഡോ ആൻഡ്രൂ ചാൾട്ടൻ എംപി പ്രകാശനം ചെയ്തു. ചടങ്ങിന് ആശംസകളറിയിച്ചികൊണ്ടുള്ള പ്രധാനമന്ത്രിയുടെ സന്ദേശം ആൻഡ്രൂ ചാൾട്ടൻ വായിച്ചു. ഇന്ത്യൻ സാംസ്‌കാരികതയുടെ മുഖമായി തങ്ങൾ മമ്മൂട്ടിയെ കാണുന്നുവെന്ന് ഡോ. ആൻഡ്രൂ ചാൾട്ടൻ എംപി പറഞ്ഞു. മമ്മൂട്ടിയെ ആദരിക്കുക വഴി ഇന്ത്യയുടെ മഹത്തായ സാംസ്‌കാരികതയെ ആണ് തങ്ങൾ ആദരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
താൻ വളർന്ന് വന്ന തന്റെ സമൂഹത്തിനു വേണ്ടി മമ്മൂട്ടി ചെയ്യുന്ന കാര്യങ്ങൾ ഓരോ ഇന്ത്യൻ സെലിബ്രിറ്റികളും മാതൃകയാക്കണമെന്ന് ആസ്ട്രേലിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ മൻപ്രീത് വോറ അഭിപ്രായപ്പെട്ടു. ആസ്‌ട്രേലിയയിലെ ഇന്ത്യൻ പ്രവാസികളുടെ നാട്ടിലുള്ള മാതാപിതാക്കൾക്കായി മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആരംഭിച്ച ‘ഫാമിലി കണക്റ്റ്’ പദ്ധതി ഏറെ പ്രശംസനീയമാണെന്ന് കൃഷി, മത്സ്യബന്ധന വകുപ്പ് മന്ത്രി സെനറ്റർ മുറേയ് വാട്ട് അറിയിച്ചു.
ആസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള വ്യാപാര വാണിജ്യ സാംസ്‌കാരിക സൗഹൃദം പ്രോത്സാഹിപ്പിക്കുന്നതിനു ആസ്‌ട്രേലിയൻ ദേശീയ പാർലമെന്റിലെ എം പി മാരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന സമിതി ആണ് ‘പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ’. ആസ്‌ട്രേലിയയിൽ തപാലിലൂടെ ലഭ്യമാകുന്ന ‘കേരള ന്യൂസ് ‘ പോലെയുള്ള പത്രങ്ങളും മെട്രോ മലയാളം ഉൾപ്പെടെയുള്ള ന്യൂസ് ലെറ്ററുകളും അടുത്ത മാസങ്ങളിൽ മമ്മൂട്ടിയുടെ മുഖമുള്ള സ്റ്റാമ്പുകളുമായാവും വീടുകളിൽ എത്തുക.

