സോഷ്യൽ മീഡിയയിൽ ഹാക്കർമാർ സജീവമെന്ന് കേരള പോലീസ്. നാം ഓരോരുത്തരും സോഷ്യൽ മീഡിയകളിൽ സജീവമാണ്. ഫേസ്ബുക്, ഇൻസ്റ്റാഗ്രാം, യുട്യൂബ്, തുടങ്ങിയ സാമൂഹ്യമാധ്യമങ്ങൾ നമ്മെ സ്വാദീനിച്ചു പോകുന്നു. ഇതിൽ സഹജമായവരുടെ പേജുകളാണ് ഹാക്കർമാരുടെ ലക്ഷ്യമെന്നും സാമ്പത്തിക ലക്ഷ്യങ്ങൾ പിന്നിലുള്ള ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത വേണെമെന്നും കേരള പോലീസ് ഇതിനോടകം തന്നെ ഫേസ്ബുക്ക്കിലൂടെ അറിയിച്ചു.
സമൂഹമാധ്യമങ്ങളിൽ വ്യക്തിഗതമായി അക്കൗണ്ടുകൾ ഉപയോഗിക്കുന്നവർ മാത്രമല്ല സൂക്ഷിക്കേണ്ടതെന്നും വിവിധ സർക്കാർ വകുപ്പുകൾക്കും സർക്കാർ നിയന്ത്രിത സ്ഥാപനങ്ങൾക്കും, സിനിമ താരങ്ങൾക്കും, സെലിബ്രിറ്റികൾക്കുവേണ്ടി സമൂഹ മാധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നവരും പ്രത്യേക ജാഗ്രത പുലർത്തണമെന്ന് കേരള പോലീസ് അറിയിച്ചു.കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നിർദ്ദേശം.
ഇൻഫ്ലൂവൻസർമാർ തയ്യാറാക്കുന്ന വീഡിയോയിലെ ഉള്ളടക്കം, സംഗീതം എന്നിവ സോഷ്യൽമീഡിയയിലെ കമ്യൂണിറ്റി സ്റ്റാൻഡേർഡ് നിയമങ്ങൾ പാലിക്കുന്നില്ല എന്നും മോണിറ്റൈസേഷൻ നടപടിക്രമങ്ങൾ, കോപ്പിറൈറ്റ് നിയമലംഘനം എന്നിവ ചൂണ്ടിക്കാണിച്ചുമായിരിക്കും തട്ടിപ്പുകാർ സമൂഹമാധ്യമ അക്കൌണ്ടുകളിലേയ്ക്ക് സന്ദേശങ്ങൾ അയയ്ക്കുന്നത്. ശരിയായ സന്ദേശങ്ങളെന്നു തെറ്റിദ്ധരിച്ച് അവരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് വിവരങ്ങൾ നൽകുന്നതോടെ, യൂസർനെയിം, പാസ് വേഡ് എന്നിവ തട്ടിപ്പുകാർ നേടിയെടുക്കുന്നു.
അതുവഴി സോഷ്യൽ മീഡിയ ഹാന്റിലുകളുടെ നിയന്ത്രണം അവർ ഏറ്റെടുക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ തട്ടിയെടുക്കുന്ന സോഷ്യൽമീഡിയ ഹാന്റിലുകൾ തിരികെ കിട്ടുന്നതിന് വൻ തുകയായിരിക്കും ഹാക്കർമാർ ആവശ്യപ്പെടുക. മാത്രവുമല്ല, തട്ടിയെടുത്ത അക്കൌണ്ടുകൾ വിട്ടുകിട്ടുന്നതിന് പണം, അവർ അയച്ചു നൽകുന്ന ക്രിപ്റ്റോ കറൻസി വെബ്സൈറ്റുകളിൽ നിക്ഷേപിക്കുന്നതിനായിരിക്കും ഉപയോക്താവിനോട് ആവശ്യപ്പെടുന്നത്.
സോഷ്യൽമീഡിയ ഉപഭോക്താക്കൾ അവരുടെ സോഷ്യൽമീഡിയ ഹാന്റിലുകൾക്കും അതിനോട് ബന്ധപ്പെടുത്തിയ ഇ-മെയിൽ അക്കൌണ്ടിനും സുദൃഢമായ പാസ് വേഡ് ഉപയോഗിക്കുകയും അവ അടിക്കടി മാറ്റുകയും ചെയ്യുക . പാസ് വേഡുകൾ എപ്പോഴും ഓർമ്മിച്ചുവെയ്ക്കുക. എവിടെയും എഴുതി സൂക്ഷിക്കാതിരിക്കുക. മൊബൈൽഫോൺ, ലാപ്ടോപ്പ്, കമ്പ്യൂട്ടർ തുടങ്ങിയവ നഷ്ടപ്പെടുമ്പോൾ ബാങ്ക് അക്കൌണ്ടുകൾ സുരക്ഷിതമാക്കുന്നതുപോലെ, ഇത്തരം ഉപകരണങ്ങളിൽ ലോഗിൻ ചെയ്തിരിക്കുന്ന സമൂഹ മാധ്യമ അക്കൌണ്ടുകളും സുരക്ഷിതമാക്കുക.
സമൂഹ മാധ്യമങ്ങളോട് ബന്ധിപ്പിച്ചിട്ടുള്ള ഇ-മെയിൽ, മെസഞ്ചർ, ഇൻസ്റ്റഗ്രാം ഡയറക്ട് തുടങ്ങിയവയിൽ വരുന്ന സന്ദേശങ്ങളോടും മൊബൈൽഫോണിൽ വരുന്ന SMS സന്ദേശങ്ങളോടും സൂക്ഷ്മതയോടെ പ്രതികരിക്കുക. അനാവശ്യ ലിങ്കുകളിൽ ക്ലിക്കുചെയ്യരുത്.
സോഷ്യൽമീഡിയ അക്കൌണ്ടുകളിൽ വരുന്ന സന്ദേശങ്ങൾ, ലിങ്കുകൾ എന്നിവയുടെ വെബ്സൈറ്റ് വിലാസം പ്രത്യേകം നിരീക്ഷിക്കുക. ഹാക്കർമാരിൽ നിന്നും രക്ഷനേടാൻ ഇനി ഈ വഴികൾ സഹായമാകട്ടെ.

