ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയിട്ടും കേരള സർക്കാർ അവഗണിച്ചു; ആരോപണവുമായി പി ആർ ശ്രീജേഷ്

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയിട്ടും കേരള സർക്കാർ അവഗണിച്ചെന്ന ആരോപണവുമായി 2023 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വേണ്ടി സ്വർണം നേടിയ മലയാളി താരം പി ആർ ശ്രീജേഷ്. സർക്കാർ പ്രതിനിധികൾ ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് ശ്രീജേഷ് പറഞ്ഞു.

ഒരു പഞ്ചായത്തംഗം പോലും വീട്ടിൽ വന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. കേരള സർക്കാർ ഇതുവരെ ശ്രീജേഷ് ഉൾപ്പെടെയുള്ള മലയാളി താരങ്ങൾക്ക് വേണ്ടി ഒരു സമ്മാനത്തുകയും പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം, ഹോക്കി ടീമിലെ എല്ലാ അംഗങ്ങൾക്കും ഒഡിഷ സർക്കാർ അഞ്ചുലക്ഷം രൂപ സമ്മാനത്തുക പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീജേഷിനും ഇത് ലഭിക്കും. ഹരിയാന ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാക്കൾക്ക് മൂന്ന് കോടി രൂപയും വെള്ളി നേടിയവർക്ക് 1.5 കോടി രൂപയും വെങ്കലം നേടിയ താരങ്ങൾക്ക് 75 ലക്ഷം രൂപയും സമ്മാനത്തുക പ്രഖ്യാപിച്ചിരുന്നു.